വീടിന്റെ സമീപം മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തു; മദ്യലഹരിയിൽ യുവാവിനെ മർദ്ദിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ


തിരുവനന്തപുരം: വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്തത്.കിളിമാനൂര്‍ സ്വദേശി രജീഷാണ് മൂന്ന് പൊലീസുകാർക്കെതിരെ പരാതി നൽകിയത്. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പൊലീസുകാരാണ് യുവാവിനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുവാവ് പറഞ്ഞതോടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെയാണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പൊലീസുകാർ യൂണിഫോമിലല്ലായിരുന്നു. ബെവ്കോ ഔട്ട്ലെറ്റിലെത്തിയ ഇവർ വാഹനം നിർത്തിയ സമയത്ത് രജീഷിന്റെ വീടിനടുത്ത് മൂത്രം ഒഴിക്കുകയായിരുന്നുവെന്ന് രജീഷ് പൊലീസിൽ മൊഴി നൽകിയിരുന്നു. സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍