ഭാരത് ജോഡോയുടെ പേരിൽ നിർബന്ധിത പണപ്പിരിവ്, അതിക്രമം; 3 കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ
കൊല്ലം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പേരിൽ നിർബന്ധിത പണപ്പിരിവ് നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരേ സംഘടനാ തലത്തിൽ നടപടി. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഡിസിസി അംഗം കുഞ്ഞിക്കോട്ട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാൻ എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് ആശയങ്ങൾക്കെതിരായാണ് ഇവർ പ്രവർത്തിച്ചതെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു.
കുന്നിക്കോട് ടൗണിൽ സർക്കാർ ആശുപത്രി ജങ്ഷനുസമീപം പുനലൂർ സ്വദേശികൾ നടത്തുന്ന പച്ചക്കറിക്കടയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. കടയിലുണ്ടായിരുന്ന അനസിനോട് കോൺഗ്രസ് പ്രവർത്തകർ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. 500 രൂപ നൽകാമെന്ന് അനസ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രവർത്തകർ അസഭ്യം പറഞ്ഞ് തർക്കിക്കുകയായിരുന്നുവെന്നും കടയിലെ സാധനങ്ങൾ നശിപ്പിച്ചതായും കടയുടമ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന സമയത്ത് തന്നെയാണ് ഈ സംഭവമുണ്ടായത്. ഇത് ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അതിവേഗം നടപടി വന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍