പിഎഫ്‌ഐ ഹര്‍ത്താലിലെ ആക്രമണം: 'നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം ജാമ്യം, അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടും'
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ മറവിലെ അക്രമസംഭവങ്ങളിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം ജാമ്യം. ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് നഷ്ടപരിഹാര തുക കെട്ടിവച്ചാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതി സ്വമേധയ എടുത്ത കേസിലാണ് നിര്‍ണായക ഇടപെടല്‍.
ഹര്‍ത്താലില്‍ അഞ്ച് കോടിക്ക് മേല്‍ നഷ്ടം സംഭവിച്ചതായും ഇത് ഹര്‍ത്താല്‍ അനുകൂലികളില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അടക്കം കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെതിരെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ വിശദീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം ഡിജിപി അനില്‍ കാന്ത് വിളിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ഡിജിപി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. തലസ്ഥാനത്ത് കലക്ടര്‍മാരുടേയും വകുപ്പ് മേധാവിമാരുടേയും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഡിജിപി വിളിച്ചുചേര്‍ത്ത യോഗം നടക്കുക.
പിഎഫ്‌ഐയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനനടപടികള്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികള്‍ ക്രമീകരിക്കാന്‍ യോഗത്തിന് ശേഷം ഡിജിപി സര്‍ക്കുലറും പുറത്തിറക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍