പോപ്പുലർ ഫ്രണ്ടിനെ യുഎപിഎ പ്രകാരം നിരോധിക്കാൻ ഒരുങ്ങി കേന്ദ്രം, നടപടികൾ തുടങ്ങി


ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെ സംഘടനയെ നിരോധിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള വെല്ലുവിളികൾ മറികടക്കാനുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തി വരികയാണ്.

1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലർ ഫ്രണ്ടിനേയും ഉൾപ്പെടുത്തുക.

ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിലായി എൻഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡുകളിൽ, തീവ്രവാദ പ്രവർത്തനങ്ങളിൽ പിഎഫ്ഐയുടെ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നത്.

റെയ്ഡിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും എൻഐഎ മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ പിഎഫ്ഐക്കെതിരെ ശേഖരിച്ച വസ്തുതകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രഹസ്യാന്വേഷണ ഏജൻസികളും പിഎഫ്ഐയെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്ന് ശുപാർശ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

നിരോധനത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം നിയമോപദേശങ്ങൾ തേടിയിട്ടുണ്ട്. പിഎഫ്ഐയുമായി ബന്ധപ്പെട്ടവർ കോടതിയിൽ നിരോധനത്തെ വെല്ലുവിളിക്കാനുള്ള സാധ്യത ഏറെയാണ്. അത്തരം സാഹചര്യങ്ങളിൽ നിയമപരമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിവരികയാണ് ആഭ്യന്തര മന്ത്രാലയം. 2008ൽ കേന്ദ്രസർക്കാരിന് സിമിയുടെ നിരോധനം പിൻവലിക്കേണ്ടി വന്ന സാഹചര്യങ്ങൾ മന്ത്രാലയം പരിശോധിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് സിമിയെ വീണ്ടും നിരോധിക്കുകയുണ്ടായി.

പിഎഫ്ഐയുമായി ബന്ധപ്പെട്ടുള്ള ഒന്നും വിട്ടുകളയരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശമുള്ളതിനാൽ കുറച്ച് വർഷങ്ങളായി ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിൽ വിവിധ കേന്ദ്ര ഏജൻസികൾ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം. സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എൻഐഎയുടെ അന്വേഷണം, അവരുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിൽ ഇഡി ഇപ്പോൾ പൂർണമായും വിജയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

അന്വേഷണത്തിൽ പിഎഫ്ഐയുടെ ബാങ്ക് അക്കൗണ്ടുകളിൽ 60 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതായി ഇഡിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഹവാല വഴി പിഎഫ്ഐയിലേക്ക് പണം വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പണം അയച്ചുവെന്നും ഇ.ഡി.പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍