കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; സംഘത്തില്‍ ഡോക്ടറും
ദിവസങ്ങളുടെ നിരീക്ഷണത്തിനു ശേഷമാണ് ഇവർ തിങ്കളാഴ്ച വൈകീട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മൂന്നു ദിവസം മുന്പേ കൊട്ടിയത്തത് ഹോട്ടലിൽ മുറിയെടുത്തു താമസിച്ചിരുന്നതായി വ്യക്തമായി. പിടിയിലായ മാർത്താണ്ഡം സ്വദേശി ബിജുവിനെ ചോദ്യംചെയ്തപ്പോഴാണ് പോലീസിന് സംഘത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കൊട്ടിയത്തു താമസിച്ച് വീട്ടുകാരുടെ നീക്കങ്ങൾ ഇവരെ പിന്തുടർന്നു വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങളിലായി പല തവണ ഇവർ കാറിൽ ഈ റോഡിൽ കറങ്ങിനടന്നിരുന്നു.
കാറിൽവച്ച് നിർബന്ധിച്ച് ഗുളികകൾ നൽകി ബോധംകെടുത്തിയതായി ആഷിക്ക് പറഞ്ഞതായി അമ്മ പറയുന്നു. പിടിയിലായ ബിജുവും മറ്റൊരാളും തിങ്കളാഴ്ച വീടിന്റെ ഗേറ്റിലെത്തി പരിസരം നിരീക്ഷിക്കുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങൾ പോലീസിനു കിട്ടി. ആഷിക്കിനെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള കാരണമെന്തെന്ന് പോലീസിന് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കോഴിവിള ചെക്പോസ്റ്റിൽ വച്ച് പിടിയിലായ ബിജു, താൻ ആയിരം രൂപ കൂലിക്കായിട്ടാണ് എത്തിയതെന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അറിയില്ലായെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുളളത്. എന്നാൽ, പോലീസ് ഈ മൊഴി മുഖവിലയ്ക്കെടുക്കുന്നില്ല.
സമഗ്രമായ അന്വേഷണം നടത്തണമെന്ന് രക്ഷിതാക്കൾ
കൊട്ടിയം: കേസിൽ മാർത്താണ്ഡം സ്വദേശി ബിജു അറസ്റ്റിലായെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ്. തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അവയവ മാഫിയയാണോ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. പിടിയിലായ ബിജു ഒരു ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. സംഘത്തിലുണ്ടായിരുന്ന കൂടുതൽപ്പേരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് അച്ഛൻ ആസാദും അമ്മ ഷീജയും പറയുന്നു. 'ആരുമായും ശത്രുതയോ സാമ്പത്തിക ഇടപാടുകളോ ഇല്ല. ഞാൻ ഒരു പിക്കപ്പ് വാൻ ഡ്രൈവറാണ്. ഇതിൽനിന്നുകിട്ടുന്ന വരുമാനമാണ് കുടുംബം പുലർത്തുന്നതിനാശ്രയം. മകനും മറ്റ് ദുശ്ശീലങ്ങളൊന്നുമില്ല. അവനും ശത്രുക്കളാരുമില്ല'-അച്ഛൻ പറയുന്നു.
കുട്ടിയെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയതിന്റെ ഭീതിയിലാണ് നാട്. രാത്രി വൈകി കുട്ടിയെ കണ്ടെത്തിയെന്നും സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്നും ഉള്ള വിവരമറിഞ്ഞപ്പോഴാണ് ആശങ്കയൊഴിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടിയെ നിയമനടപടികൾക്കുശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. പിന്നീട് കുട്ടിയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍