KSRTC ജീവനക്കാരുടെ അഴിഞ്ഞാട്ടം; മകളുടെ മുന്നിലിട്ട് മർദിച്ചു, ബന്ദിയാക്കി; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മർദനമേറ്റ പ്രേമനന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി പ്രേമനന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഘം, പ്രതികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
കാട്ടാക്കടയിലെ സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവും കെ.എസ്.ആർ.ടി.സി. സി.എം.ഡി.യോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചശേഷം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരം പെരുമാറ്റം ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി.ക്ക് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു.
അതിനിടെ, ജീവനക്കാർ ക്രൂരമായാണ് മർദിച്ചതെന്നും 15 മിനിറ്റോളം മുറിയിൽ ബന്ദിയാക്കിയെന്നും മർദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകളുടെ കൺസഷൻ പുതുക്കാനായാണ് ഡിപ്പോയിൽ പോയത്. പഴയ കൺസഷൻ കാർഡും ഫോട്ടോയും നൽകി. എന്നാൽ കൺസഷൻ അനുവദിക്കണമെങ്കിൽ വീണ്ടും കോഴ്സ് സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. മൂന്നുമാസം മുമ്പ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും മൂന്നുവർഷത്തെ കോഴ്സ് പഠിക്കുന്നയാളോട് ഇടയ്ക്കിടെ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. പക്ഷേ, നിയമം അങ്ങനെയാണെന്നായിരുന്നു അവരുടെ മറുപടി.
മകൾക്ക് ഇപ്പോൾ പരീക്ഷയാണെന്നും മൂന്നുദിവസം കഴിഞ്ഞ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞിട്ടും അവർ കൺസഷൻ അനുവദിച്ചില്ല. ഇതോടെയാണ് അപ്പോഴുണ്ടായ രോഷത്തിൽ കെ.എസ്.ആർ.ടി.സി.യുടെ പ്രതിസന്ധിക്ക് കാരണം ഇത്തരം കാര്യങ്ങളാണെന്ന് പറഞ്ഞത്. ഇതുകേട്ടതോടെ ഒരു ജീവനക്കാരൻ തർക്കിച്ചു. പിന്നാലെ കൂടുതൽ ജീവനക്കാരെത്തി മർദിച്ചു. എന്റെ നെഞ്ചിലടക്കം ഇടിച്ചു.
പപ്പയെ തല്ലല്ലേ എന്ന് മകൾ നിലവിളിച്ചു. മകൾക്കൊപ്പം അവളുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. അപ്പോളേക്കും നാട്ടുകാർ ഓടിക്കൂടി. ഇതോടെ പല ജീവനക്കാരും ഇറങ്ങിപ്പോയി. എന്നാൽ 15 മിനിറ്റോളം എന്നെ അവർ മുറിയിൽ ബന്ദിയാക്കി. മകൾക്ക് പരീക്ഷയുള്ളതിനാൽ പിന്നീട് ഞാൻ മകളെ കോളേജിലേക്ക് വിട്ടു. അതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയതെന്നും പ്രേമനൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍