മിന്നൽ ഹർത്താൽ: സർക്കാരിൽ അടയ്‌ക്കേണ്ടത് 5.20 കോടി, നാശനഷ്ടം


കൊച്ചി: സെപ്റ്റംബർ 23-ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നൽ   ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്റെ തുക സംഘടനാഭാരവാഹികളിൽ നിന്ന് ഈടാക്കാനായി എന്തുനടപടി സ്വീകരിച്ചെന്ന് കോടതി. കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. നഷ്ടം, അറസ്റ്റുചെയ്തവരുടെ എണ്ണം, ജാമ്യത്തിനായെത്തിയവരുടെ എണ്ണം എന്നിവ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാനാണ് നിർദേശം.

നാശനഷ്ടത്തിന്റെ കണക്കെടുക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച ക്ലെയിംസ് കമ്മിഷണർക്ക് ഒരുക്കിയ സൗകര്യങ്ങളും ഇതിൽ വ്യക്തമാക്കണം. 5.20 കോടി രൂപ പോപ്പുലർ ഫ്രണ്ട് സർക്കാരിൽ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി നവംബർ എട്ടിന് പരിഗണിക്കാനായി മാറ്റി.

ആക്രമണത്തിൽ എത്ര കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് പരിക്കേറ്റെന്നും ചികിത്സച്ചെലവ് വഹിച്ചതെങ്ങനെയെന്നും അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഹർത്താൽ ആഹ്വാനംചെയ്തവരിൽനിന്നും അക്രമികളിൽനിന്നുമായി തുക ഈടാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തേ നിർദേശിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍