പോലീസിനെതിരെ എവിടെ പരാതി കൊടുക്കും ?
ആർക്കെങ്കിലും എതിരെ പരാതി കൊടുക്കണമെന്ന് ആലോചിക്കുമ്പോൾ ആദ്യം നമ്മുടെ ഓർമയിൽ വരുക ഒരു പോലീസ് സ്‌റ്റേഷൻ ആയിരിക്കും. എന്നാൽ പരാതി പോലീസുകാർക്കെതിരെ തന്നെ ആണെങ്കിലൊ ? പോലീസുകാർക്കെതിരെ പരാതി കൊടുക്കാവുന്ന ഫോറങ്ങളെ പറ്റിയും അതിനുള്ള നടപടി ക്രമങ്ങളെ പറ്റിയുമാണ് ലോ പോയിൻ്റിൻ്റെ ഈ എപ്പിസോഡ് പരിശോധിക്കുന്നത്.
പോലീസ് കംപ്ലെയ്ൻ്റ്സ് അതോറിറ്റിയുടെ രുപീകരണം
വഴിയെ വെറുതെ വാഹനമോടിച്ച് പോകുന്നവരെ അവരുടെ സുരക്ഷക്കായി ചെക്ക് ചെയ്യാൻ നിൽക്കുന്ന പോലീസുകാർ വിളിക്കുന്നത് വരെ എടാ എന്നാണ്. ആണും പെണ്ണും ഒന്നിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ അവരുടെ ബന്ധമെന്താണെന്ന് അറിയുക, ഫോൺ നമ്പർ മേടിച്ച് വീട്ടിൽ പറയുക, ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നവരെ പിന്തുടർന്ന് പിടി കൂടുക തുടങ്ങി നിയമ വിരുദ്ധമായ ഏറെ ഉപദ്രവങ്ങൾ പോലീസ് നടത്തി വരുന്നുണ്ട്. കോറോണക്കാലം പോലീസിൻ്റെ അധികാരം കൂട്ടി. മുമ്പ് വാഹന സുരക്ഷക്കായിരുന്നു ചെക്കിങ്ങ് എങ്കിൽ ഇപ്പൊൾ പുറത്തിറങ്ങുന്നവർ മുഴുവൻ പോലീസിന് 'പൊട്ടൻഷ്യൽ ' കുറ്റവാളികളായി. പോലീസിൻ്റെ ഇത്തരം മോശമായ പെരുമാറ്റങ്ങൾക്കും ഉപദ്രവങ്ങൾക്കുമെതിരെ പരാതിപ്പെടാനുള്ള പ്രധാന സംവിധാനമാണ് പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റി എന്നത് .
പേരു സൂചിപ്പിക്കുന്നത് പോലെ പോലീസിനെതിരെ പരാതിപ്പെടേണ്ട ഈ സമിതി ഉണ്ടാകുന്നത് സുപ്രീം കോടതിയുടെ ബാദൽ സിങ്ങ് കേസിലെ നിർദേശത്തോട് കൂടിയാണ്. (Badal Singh and ors v. Union of India) 1996 ലാണ് പോലീസ് സേനയിൽ നിന്ന് മുതിർന്ന ഉദ്യോഗസ്ഥരായി വിമർശിച്ച ബാദൽ സിങ്ങടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിക്കുന്നത്. രാജ്യത്ത് പലപ്പോഴായി നിലവിൽ വന്ന പോലീസ് കമ്മീഷൻ റിപ്പോർട്ടുകൾ പരിഗണിച്ച് പോലീസ് സേനയുടെ പരിഷ്കാരങ്ങൾക്ക് നിർദേശം കൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പോലീസിനെ രാഷ്ട്രീയമായ സ്വാധീനങ്ങളിൽ നിന്ന് മുക്തമാക്കി സ്വതന്ത്ര സേന ആക്കി മാറ്റേണ്ടതുണ്ടെന്ന് അവർ വാദിച്ചു. ഇതിനായി വിവിധ കമ്മീഷനുകളും ബോർഡുകളും ആവശ്യമുണ്ടെന്നായിരുന്നു വാദം. കേസിൽ വിശദമായ വാദം കേട്ട കോടതി ഇനി പറയുന്ന സംവിധാനങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നിർദേശങ്ങൾ നൽകി.
1. പോലീസിനെ ഭരണ സ്വാധീനത്തിൽ നിന്ന് മുക്തമാക്കാൻ സേറ്റ് സെക്യൂരിറ്റി കമ്മീഷൻ
2. പോസ്റ്റിങ്ങും ട്രാൻസഫറും തീരുമാനിക്കാൻ പോലീസ് എസ്റ്റാബ്ളിഷ്മെൻ്റ് ബോർഡ്
3. പൊതുജനത്തിന് പോലീസിനെതിരെയുള്ള പരാതി സമർപ്പിക്കാൻ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റി
ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ആക്ടുകൾ ഭേദഗതി ചെയ്യാനും സുപ്രീം കോടതി നിർദേശിച്ചു. അങ്ങനെയാണ് 1960 ലെ കേരളാ പോലീസ് ആക്ട് ഭേദഗതി ചെയ്ത് കേരളത്തിലും പോലീസ് കംപ്ലെയ്ൻ്റസ് അതോറിറ്റി രൂപീകൃതമാകുന്നത്.
പോലീസ് കംപ്ലെയ്ൻ്റസ് അതോറിറ്റിയുടെ അംഗങ്ങൾ
കേരളാ പോലീസ് ആക്ടിലെ 110 വകുപ്പിലാണ് പോലീസ് കംപ്ലയ്ൻറ് സ് അതോറിറ്റിയെ കുറിച്ച് വിശദീകരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാന ഗവൺമെൻറ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പോലീസ് കംപ്ലയ്ൻറ് സ് അതോറിറ്റി രുപീകരിക്കേണ്ടതുണ്ട്. സംസ്ഥാന തലത്തിൽ പ്രവർത്തിക്കേണ്ട സ്റ്റേറ്റ് പോലീസ് കംപ്ലയ്ൻറ് സ് അതോറിറ്റിയുടെ ചുമതലകൾ ഇനി പറയുന്നവയാണ്.
(i) എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടേയും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരുടേയും ഏത് തരത്തിലുള്ള പെരുമാറ്റ ദൂഷ്യങ്ങളെയും കുറിച്ച് അന്വേഷിക്കുക
(ii) ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥരുടേയും കസ്റ്റഡി മർദ്ദനങ്ങളെ കുറിച്ചും ലൈംഗികമായ ഉപദ്രവങ്ങളെ കുറിച്ചുമുള്ള പരാതി അന്വേഷിക്കുക
ഇനി പറയുന്നവരായിരിക്കണം സ്റ്റേറ്റ് പോലീസ് കംപ്ലയ്ൻറ് സ് അതോറിറ്റിയുടെ അംഗങ്ങൾ
(i) അതോറിറ്റിയുടെ ചെയർമാൻ ഒരു റിട്ടയർ ഹൈക്കോടതി ജഡ്ജി ആയിരിക്കണം
(ii) സംസ്ഥാന സർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയിൽ താഴെയല്ലാത്ത ഒരു ദ്യോഗസ്ഥൻ
(iii) എ.ഡി.ജി.പി യിൽ താഴെ അല്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ
(iv) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ മുന്നോട്ട് വക്കുന്ന റിട്ടയർ ചെയ്ത മൂന്ന് ഐ.ജി ലെവൽ ഉദ്യോഗസ്ഥരുടെ പാനലിൽ നിന്ന് ഒരാൾ. ഇത് സംസ്ഥാന ഗവൺമെൻ്റ് പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചാണ് ചെയ്യേണ്ടത്.
v ) സ്റ്റേറ്റ് ലോകായുക്ത മുന്നോട്ട് വക്കുന്ന മൂന്നു റിട്ടയർ ജില്ലാ ജഡ്ജിമാരുടെ പാനലിൽ നിന്നൊരാൾ
കേരളാ പോലീസ് ആക്ടനുസരിച്ച് ഡി.വൈ.എസ്.പി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ അന്വേഷിക്കേണ്ടത് ഡിസ്ട്രിക്റ്റ് പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റിയാണ്. ഇവ രുപീകരിക്കേണ്ടതും സംസ്ഥാന സർക്കാരിൻ്റെ ചുമതലയാണ്. ഇനി പറയുന്നവരായിരിക്കണം
ഡിസ്ട്രിക്റ്റ് പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റിയുടെ അംഗങ്ങൾ.
i) റിട്ടയർ ജില്ലാ ജഡ്ജി ആയിരിക്കണം ചെയർമാൻ
ii) ജില്ലാ കളക്ടർ
iii) ജില്ലാ പോലീസ് സൂപ്രണ്ട്
പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റിയുടെ അധികാരങ്ങൾ
( സബ് ഹെഡിങ്ങ് )
സംസ്ഥാന പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റിക്കും ജില്ലാ പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റിക്കും ഒരു സിവിൽ കോടതിയുടെ പൂർണ അധികാരങ്ങൾ ഉണ്ടാകും. ഇതനുസരിച്ച്
a ) ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താം
b) ഒരു രേഖ കണ്ടെത്താനും ഹാജരാക്കാനും ഉത്തരവിടാം
C) തെളിവുകൾ ശേഖരിക്കാം
സർക്കാരിൻ്റെ എല്ലാ ഉദ്യോഗസ്ഥർക്കും പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ ഉത്തരാവാദിത്തവുമുണ്ട്. അന്വേഷണത്തിന് ശേഷം പോലീസ് കംപ്ലയ്ൻ്റ്സ് അതോറിറ്റി നിർദേശിക്കുന്നതനുസരിച്ച് പോലീസുകാർക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ആവശ്യമെങ്കിൽ ക്രിമിനൽ കേസ് എടുക്കാനും സർക്കാരിന് ബാധ്യതയുണ്ട്.
എങ്ങനെ പരാതി കൊടുക്കും ?
സാങ്കേതികമായി ഏറെയൊന്നും നൂലാമാലകൾ ഇല്ല എന്നതാണ് പോലീസ് കംപ്ലയൻ്റ്സ് അതോറിറ്റിക്ക് കൊടുക്കുന്ന പരാതികളുടെ മറ്റൊരു ഗുണം. ഒരു വെള്ള പേപ്പറിൽ അതിക്രമം നേരിട്ടയാൾ നടന്ന സംഭവവും അതിക്രമം നടത്തിയ ഉദ്യോഗസ്ഥൻ്റെ പേര് കൂടി ചേർത്ത് പരാതി കൊടുത്താൽ മതി. നേരത്തെ സൂചിപ്പിച്ച പോലെ ഡി.വൈ.എസ്.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരെ കുറിച്ചാണ് പരാതി എങ്കിൽ ജില്ലാ പോലീസ് കംപ്ലയൻ്റ്സ് അതോറിറ്റിയെ ആണ് സമീപിക്കേണ്ടത്.
കേരളത്തിലെ ജില്ലാ പോലീസ് കംപ്ലയൻ്റ്സ് അതോറിറ്റികൾ പ്രവർത്തിക്കുന്നത് ഒരൊ ജില്ലകളിലെയും കളക്ടറേറ്റുകളിലാണ്. അതു കൊണ്ട് പരാതി എഴുതി ഇനി പറയുന്ന വിലാസത്തിൽ തപാൽ മുഖേനെ അയക്കാം.
ചെയർമാൻ
ജില്ലാ പോലീസ് കംപ്ലയൻ്റ്സ് അതോറിറ്റി
ജില്ലാ കളക്ടറേറ്റ്
ഇവയോടൊപ്പം പരാതി അയക്കുന്ന ആളിൻ്റെ ജില്ലയുടെ കളക്ടറേറ്റിൻ്റെ വിലാസം കൂടി ചേർത്താൽ മതി. അല്ലെങ്കിൽ കളക്ടറേറ്റിൽ ചെന്ന് പരാതി നേരിട്ടും കൊടുക്കാം.
ഇനി എസ്.പി റാങ്കിലൊ അതിന് മുകളിലുള്ള ഉദ്യോഗസ്ഥരെ കുറിച്ചാണ് പരാതി എങ്കിൽ സ്റ്റേറ്റ് പോലീസ് കംപ്ലയൻ്റ്സ് അതോറിറ്റിയെ ഇനി പറയുന്ന വിലാസത്തിൽ സമീപിച്ചാൽ മതിയാകും.
ചെയർമാൻ
സ്റ്റേറ്റ് പോലീസ് കംപ്ലയൻ്റ്സ് അതോറിറ്റി
ടാഗോർ നഗർ റോഡ്, ആദർശ് വിദ്യാലയ,
കോട്ടൺ ഹിൽ
വഴുതക്കാട്
തിരുവനന്തപുരം - 695014
സംശയങ്ങളുണ്ടെങ്കിൽ O471- 233 5939 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം
നടപടിക്രമം
(സബ് ഹെഡിങ്ങ് )
ഒരു പരാതി ലഭിച്ചാൽ സ്റ്റേറ്റ്പോലീസ് കംപ്ലയൻ്റ്സ് അതോറിറ്റിയും ജില്ലാ പോലീസ് കംപ്ലയൻ്റ്സ് അതോറിറ്റിയും സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ കേരളാ പോലീസ് ആക്ടിലെ 112 വകുപ്പിലാണ് പറയുന്നത്. ഇതനുസരിച്ച് ലഭിക്കുന്ന പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ കാര്യങ്ങൾ അന്വേഷിക്കാൻ അതോറിറ്റിക്ക് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താം. ഉദ്യോഗസ്ഥൻ്റ ചുമതലകൾ ഇതൊക്കയാണ്.
a ) സാക്ഷികളുടെ മൊഴിയെടുക്കാം
b) ആവശ്യമുള്ള രേഖകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ പിടിച്ചെടുക്കുകയും ചെയ്യാം
C) അധികാരമുള്ള തരത്തിലുള്ള ഏത് തരം പരിശോധനയും
d) പരാതികൾക്കനുസരിച്ച് അതോറിറ്റിയെ സഹായിക്കുക
ഇത് കൂടാതെ അതോറിറ്റിക്ക് പോലീസിനോടൊ സർക്കാരിനോടൊ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടാം. അന്വേഷണത്തിൻ്റെ ഭാഗമായി ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്താം. തനിക്കനുകൂലമായ തെളിവ് ഹാജരാക്കാൻ പരാതിക്കാരനും ആരോപണവിധേയനായ ഉദ്യോഗസ്ഥനും അവകാശമുണ്ട്.
ഇരുവരെയും കേട്ട ശേഷം ആവശ്യമായ തെളിവുകൾ കൂടി പരിശോധിച്ച് അതോറിറ്റിക്ക് ഒരു തീരുമാനമെടുക്കാം. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്നാണ് കണ്ടെത്തുന്നതെങ്കിൽ അയാൾക്കെതിരെ നടപടി എടുക്കാൻ സർക്കാരിനോട് നിർദേശിക്കുകയും ചെയ്യാം.
എസ്.പി ക്കുള്ള പരാതിയും പ്രൈവറ്റ് കംപ്ലയ്ൻ്റും
ഇതൊക്കയാണ് പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റിയുടെ അധികാരമെങ്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ അയാളുടെ മേലുദ്യോഗസ്ഥന് പരാതി കൊടുക്കാൻ പൊതുജനത്തിന് അവകാശമുണ്ട്. ഉദാഹരണത്തിന് ഒരു എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ മോശമായ പെരുമാറ്റത്തിനെതിരെ എസ്.പി ക്ക് പരാതി കൊടുക്കാം. പരാതി ലഭിച്ചാൽ എസ്.പി അത് അന്വേഷിക്കാൻ ഒരു ഡി.വൈ.എസ്.പി യെ ചുമതലപ്പെടുത്തണം. എന്നിട്ടും അന്വേഷണം നടക്കുന്നില്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ പ്രൈവറ്റ് കംപ്ലയിൻ്റുമായി സമീപിക്കാവുന്നതാണ്. ഇതിനുള്ള നടപടി ക്രമങ്ങൾ മുമ്പുള്ള ഒരു എപ്പിസോഡിൽ വിശദീകരിച്ചത് കൊണ്ട് അവർത്തിക്കുന്നില്ല. വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു.
ഹൈക്കോടതിയും സുപ്രീം കോടതിയും
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാമെന്ന് നേരത്തെയും പറഞ്ഞിട്ടുണ്ടല്ലൊ. പോലീസ് അതിക്രമങ്ങൾ ഉണ്ടായാലും ഈ മാർഗം സ്വീകരിക്കാം. ഉദാഹരണത്തിന് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമായ ആർട്ടിക്കിൾ 21 അനുസരിച്ച് നിയമം മൂലം സ്ഥാപിതമായ നടപടി ക്രമങ്ങളിലൂടെയെ ഒരാളുടെ സ്വാതന്ത്ര്യം ലംഘിക്കപ്പെടാൻ പാടുള്ളൂ എന്നാണല്ലോ. പോലീസ് ഒരാളെ അകാരണമായി പിടിച്ച് കൊണ്ട് പോകുകയൊ ഉപദ്രവിക്കുകയൊ ചെയ്താൽ ഈ അവകാശമാണ് ലംഘിക്കപ്പെടുക. അപ്പൊൾ അത്തരം പ്രവൃത്തികൾ നടത്തിയ പോലീസുദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലൊ സുപ്രീം കോടതിയിലോ റിറ്റ് കൊടുക്കാം. ഭരണഘടനയും ആർട്ടിക്കിൾ 226, ആർട്ടിക്കിൾ 32 അനുസരിച്ചാണിത്.
വീഡിയൊ എടുക്കുന്നതിൽ തെറ്റില്ല
അടുത്ത കാലത്തെ പോലീസ് അതിക്രമങ്ങൾ പലതും നമ്മൾ കണ്ടത് അത് അനുഭവിച്ചവർ തന്നെ മൊബൈലിൽ എടുത്ത വീഡിയോകളിലൂടെ ആയിരുന്നു. മറ്റൊരർത്ഥത്തിൽ പോലീസിനെതിരെ വച്ച സി.സി.ടി.വി ക്യാമറ ആകുകയായിരുന്നു പൊതുജനത്തിൻ്റെ മൊബൈൽ ഫോണുകൾ. എന്നാൽ ഇപ്പൊൾ പോലീസ് ഇത്തരം ഫോണുകൾ പിടിച്ച് വാങ്ങാൻ ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്. വാസ്തവത്തിൽ പോലീസിനത് ചെയ്യാൻ അധികാരമില്ല. മാത്രവുമല്ല, കേരളാ പോലീസ് ആക്ടിലെ 33 വകുപ്പനുസരിച്ച് പൊതുജനത്തിന് പോലീസ് ആക്ടിവിറ്റികളുടെ വീഡിയോ ചിത്രീകരിക്കാൻ അവകാശവുമുണ്ട്. പോലീസ് ഇത് തടയാൻ പാടില്ലെന്നും ഈ വകുപ്പിൽ തന്നെ പറയുന്നുണ്ട്. പോലീസിൻ്റെ ഇത്തരം പ്രവൃത്തികൾ വീഡിയോ ആയി ചിത്രീകരിക്കുന്നത് ഭാവിയിൽ പരാതിപ്പെടുമ്പോൾ തെളിവായും ഉപയോഗിക്കാവുന്നതാണ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍