'ഇനിയും നിർത്തിയെങ്കിൽ ബസുകൾ നിരത്തിലിറങ്ങില്ല'; എംവിഡി പരിശോധനയ്‌ക്കെതിരെ സ്വകാര്യ ബസ്സുടമകൾ
കൊച്ചി: സംസ്ഥാനത്ത് ശക്തമാക്കിയിരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ബസ്സുടമകളെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തുടർന്നാൽ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് സംഘടന പറഞ്ഞു. കേരളത്തിലെ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആരോപിച്ചു.
ഡീസൽ വില വർദ്ധനവും യാത്രക്കാരുടെ കുറവും മൂലം വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നിലവിൽ നേരിടുന്നത്. ഇതിനുപുറമെ പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി ഭീമമായ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ ആരോപിച്ചു.
സർക്കാർ പറഞ്ഞ കമ്പനികളുടെ സ്പീഡ് ഗവർണർ വാങ്ങി ഫിറ്റ് ചെയ്തു കൊണ്ടാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തി വരുന്നത്. എന്നാൽ സ്പീഡ് ഗവർണറുകൾ വിൽപന നടത്തി കോടികൾ തട്ടിയെടുത്ത കമ്പനികൾ റിപ്പയർ ചെയ്യാനുള്ള സർവീസ് സെന്റർ പോലും അവശേഷിപ്പിക്കാതെ കടകൾ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.
അതേസമയം വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമെന്ന് മന്ത്രി പറഞ്ഞു. വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് യൂണിറ്റ് അനധികൃതമായി മാറ്റം വരുത്തി എന്ന് കണ്ടെത്തി. ക്രമക്കേട് നടത്തിയവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള ഓപ്പറേഷൻ ഫോക്കസ് ത്രീ പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. 'നിയമവിരുദ്ധമായി ഒരു വാഹനവും നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കും. ഇത്തരത്തിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ എക്സെെസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും. വിനോദസഞ്ചാരകേന്ദ്രങ്ങളിലും വാഹനങ്ങൾ പരിശോധിക്കും. നിയമവിരുദ്ധമെന്ന് കണ്ടാൽ വാഹനങ്ങളെ ഓടാൻ അനുവദിക്കില്ല,' ആന്റണി രാജു പറഞ്ഞു.
'വാഹനങ്ങൾക്ക് രൂപ മാറ്റം വരുത്തിയാൽ ഉടമസ്ഥനെതിരെയും അതിനു സഹായിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ പിഴ ഈടാക്കും. കളർ കോഡ് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നാളെ മുതൽ നടപടിയുണ്ടാകും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. നിശ്ചിത വണ്ടികളുടെ ചുമതല നിശ്ചിത ഉദ്യോഗസ്ഥർക്ക് ആയിരിക്കും. വാഹനങ്ങൾ രൂപമാറ്റം വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും,' എന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍