സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഇന്ന് നബിദിനം
ഇന്ന് നബിദിനം. ഇസ്ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ് വിശ്വാസികള്‍.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നു വന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്.
മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളികളിൽ പുലര്‍ച്ചെ പ്രവാചക കീര്‍ത്തനങ്ങള്‍ക്ക് ശേഷം പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍, ഭക്ഷണ വിതരണവും ശേഷം കുട്ടികളുടെ കലാപരിപാടികളും നാടൊട്ടുക്കും നടക്കും.
കോവിഡ് ഭീതിയകന്നതിന് ശേഷമെത്തുന്ന നബിദിനം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രവാചക പ്രകീർത്തനങ്ങളുമായി നടക്കുന്ന നബിദിനറാലിയാണ് പരിപാടികളിൽ ഏറ്റവും ആകർഷകം. മദ്രസാ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് റാലിയൊരുക്കുക. ദഫ്മുട്ടും നബികീർത്തനഗാനങ്ങളും റാലിക്ക് കൊഴുപ്പേകും. തുടർന്ന് മദ്രസാ വിദ്യാർഥികളുടെ കലാമത്സരങ്ങളുമുണ്ടാകും.
ക്രിസ്തുവര്‍ഷം 571ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. ഹിജ്റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍ മാസം 12-നാണ് പ്രവാചകന്റെ ജന്മദിനം.
മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍