എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജസ്റ്റിസ് വിജു എബ്രഹാമാണ് വിധി പറയുക. ജിതിൻ നേരത്തെ നൽകിയിരുന്ന ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഒറ്റവാക്കാലായിരുന്നു അന്ന് കോടതി വിധി പറഞ്ഞത്.
എകെജി സെന്ററിലേക്ക് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആക്രമണസ്ഥലത്ത് നിന്ന് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രാസവസ്തു എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. ജിതിന് എതിരെ മറ്റു ഏഴു കേസുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കേസിലെ മറ്റ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും ആറ്റിപ്ര സ്വദേശിയും പ്രാദേശിക പ്രവര്‍ത്തകയുമായ ടി നവ്യയും ഒളിവില്‍ കഴിയുകയാണ്. ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. സുഹൈല്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
കേസിലെ ഒന്നാം പ്രതിയായ ജിതിന്‍ ജൂണ്‍ 30നാണ് എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത്. ജിതിന്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവ ദിവസം കാറില്‍ എത്തിയ ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് നവ്യയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇരുവരെയും കേസില്‍ പ്രതിച്ചേര്‍ത്തത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിശ്വസ്തനായ സുഹൈല്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണശ്രമം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍