വിശന്നുതളർന്ന ആ കുഞ്ഞിന് മുലപ്പാലൂട്ടി രമ്യ, പോലീസിന്റെ ആദരം, ജ. ദേവൻ രാമചന്ദ്രന്റെ അഭിനന്ദനം


കോഴിക്കോട്: അമ്മയിൽനിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാൽ നൽകിയ പോലീസ് ഉദ്യോഗസ്ഥ എം.ആർ. രമ്യയെ സംസ്ഥാന പോലീസ് മേധാവി ആർ. അനിൽകാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രമ്യയെയും കുടുംബത്തെയും പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ പ്രവൃത്തി, സേനയുടെ യശസ് വർധിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാൽ നൽകി രക്ഷിക്കാൻ സ്വമേധയാ മുന്നോട്ടുവന്ന രമ്യയുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിച്ചു കൊണ്ട് പോലീസ് മേധാവിക്ക് കത്തയച്ചിരുന്നു. രമ്യയ്ക്ക് നൽകാനായി ദേവൻ രാമചന്ദ്രൻ കൈമാറിയ സർട്ടിഫിക്കറ്റും സംസ്ഥാന പോലീസ് മേധാവി രമ്യയ്ക്ക് സമ്മാനിച്ചു. പോലീസിന്റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് സർട്ടിഫിക്കറ്റിൽ കുറിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 22 വയസ്സുളള യുവതി 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ചേവായൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്. തർക്കത്തെത്തുടർന്ന് ഭർത്താവ് കുഞ്ഞുമായി ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തിൽ വയനാട് അതിർത്തിയിലെ പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചു. സംസ്ഥാന അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ് നടത്തിയ പരിശോധനയിൽ കാറിൽ യാത്രചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുൽത്താൻ ബത്തേരി പോലീസ് കണ്ടെത്തുകയായിരുന്നു.

മുലപ്പാൽ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ ഷുഗർ ലെവൽ കുറവാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തിരികെ എത്തിക്കാൻ വയനാടെത്തിയ ചേവായൂർ പോലീസ് സംഘത്തിലെ രമ്യ, താൻ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. തുടർന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ക്ഷീണമകറ്റുകയായിരുന്നു. അന്ന് രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു.

നാലുവർഷം മുമ്പ് പോലീസ് സേനയിൽ ചേർന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കി ആംഡ് പോലീസ് ബറ്റാലിയൻറെ നാലാം ദളത്തിൽ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിക്കുശേഷമാണ് ചേവായൂർ പോലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ടു കുട്ടികളുടെ മാതാവാണ് രമ്യ. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂർ എൽ.പി.സ്കൂൾ അധ്യാപകൻ അശ്വന്ത് വിശ്വൻ.വി.ആർ ആണ് ഭർത്താവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍