മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ലൈല; പശ്ചാത്താപമില്ലാത്ത പ്രതികളുടെ മാനസികാവസ്ഥയിലും പോലീസിന് സംശയം


കൊച്ചി: മനുഷ്യമാംസം ഭക്ഷിച്ചുവെന്ന ആരോപണം നിഷേധിച്ച് നരബലിക്കേസിലെ പ്രതിയായ ലൈല. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോൾ കാക്കനാട് ജില്ലാ ജയിൽ പരിസരത്തുവച്ച് മാധ്യമപ്രവർത്തകരോടാണ് ലൈലയുടെ പ്രതികരണം. ആയൂരാരോഗ്യത്തിനായി ഷാഫിയുടെ നിർദേശപ്രകാരം ലൈയും ഭർത്താവ് ഭഗവൽ സിങ്ങും കൊലപാതകത്തിനുശേഷം മാംസം പാചകംചെയ്ത് കഴിച്ചുവെന്ന വിവരങ്ങളാണ് നേരത്തെ പുറത്തുവന്നിരുന്നത്.

പ്രതികൾ മനുഷ്യമാസം ഭക്ഷിച്ചതായി വിവരമുണ്ടെന്നും ഇതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോൾ ലൈല നിഷേധിച്ചത്. അതേസമയം, ഈ മാസം 24 വരെ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ വിശദമായ ചോദ്യംചെയ്യലിൽ ഇക്കാര്യങ്ങളിലടക്കം കൂടുതൽ വ്യക്തത കൈവരുമെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം ഭർത്താവ് ഭഗവൽ സിങ്ങിനെ കൊലപ്പെടുത്താൻ ആലോചിച്ചിരുന്നോ എന്ന ചോദ്യത്തോട് ലൈല പ്രതികരിച്ചില്ല. ഷാഫി തന്നെയാണോ ഇതിനെല്ലാം പിന്നിലെന്ന ചോദ്യത്തോടും മറുപടി പറയാൻ അവർ തയ്യാറായില്ല.

പ്രതികളുടെ മാനസികാവസ്ഥ സംബന്ധിച്ചും പോലീസിന് പല സംശയങ്ങളുമുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്ന വേളയിൽപോലും ലൈലയും ഭഗവൽസിങ്ങും പോലീസിനോട് ചോദിച്ചത് ഞങ്ങളെ എപ്പോൾ വീട്ടിലേക്ക് തിരിച്ചുവിടുമെന്നാണ്. പ്രത്യേക മാനസികാവസ്ഥയിലുള്ള പ്രതികളാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് സ്ത്രീകളെയും അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പശ്ചാത്താപമോ ഭാവമാറ്റമോ പ്രതികൾക്കില്ല. അതിനാൽ പ്രതികളെ സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് പോലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍