നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി അതേ ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു


നരിക്കുനി: നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി അതേ ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി നെല്ലിയേരി താഴത്ത് വാടകക്ക് താമസിക്കുന്ന പന്നിയങ്കര തിരുവണ്ണൂര്‍ ഗീത നിവാസില്‍ ഉഷ (52) ആണ് മരിച്ചത്. കണ്ണാടിക്കല്‍ ഭാഗത്ത് ഹരിത കര്‍മ്മ സേനാംഗമായ ഉഷ ജോലിക്ക് പോകുന്നതിനിടയായിരുന്നു അപകടം.  ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം സംഭവിച്ചത്.

താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു അലങ്കാര്‍ ബസ്സില്‍ നെല്ലിയേരി താഴത്ത് നിന്നാണ് ഉഷ കയറിയത്. തൊട്ടടുത്തുള്ള വളവില്‍ എത്തിയപ്പോള്‍ ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരിച്ചു. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണം.