കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത; സംഭവം തലശ്ശേരിയില്‍
കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച് യുവാവിൻറെ ക്രൂരത. തലശ്ശേരിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇയാളുടെ ചവിട്ടേറ്റ കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും കാറിലേക്ക് കയറിയെങ്കിലും അവരും ഒന്നും മിണ്ടുകയോ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറിൽ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം.
രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് മർദനമേറ്റ ഗണേഷ്. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എന്നാൽ വിഷയത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ നടപടിക്കൊരുങ്ങുകയാണ്. വിഷയത്തിൽ കഴിയുന്നതിന്റെ പരമാവധി ഇടപെടുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പ്രതികരിച്ചു. കുട്ടിക്ക് വൈദ്യസഹായം ആവശ്യമെങ്കിൽ അതിനുള്ള സൗകര്യങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍