ലോകകപ്പ് ഫുട്ബോൾ മേളയുടെ ആരവങ്ങൾ ഇനി കോളിക്കൽ വട്ടിക്കുന്ന് മുക്കിലും!
താമരശ്ശേരി . ഖത്തറിൽ നടക്കാൻ പോകുന്ന ലോകകപ്പ് ഫു ട്ബോൾ മേളയുടെ ആരവങ്ങൾ പ്രദേശവാസികളിൽ ലൈവായി എത്തിക്കാൻ ഒരുങ്ങുകയാണ് കോളിക്കൽ വട്ടിക്കുന്ന് മുക്കിലെ ഒരു കൂട്ടം യുവാക്കൾ .
വട്ടിക്കുന്നു മുക്കിൽ സ്ഥാപിച്ച ടെലിവിഷൻ സെറ്റ്
ലോകകപ്പ് മാമാങ്കത്തിന്റെ വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കളി കണ്ടാസ്വദിക്കാൻ പ്രദേശത്തെ മുഴുവൻ ആളുകൾക്കും അവസരം ഒരുക്കുന്നതിനുള്ള തിരക്കുകളിലാണ് ഇവരിപ്പോൾ. ഇരുപതിനായിരം രൂപയിലധികം മുടക്കി കൂറ്റൻ ടെലിവിഷൻ സെറ്റു തന്നെ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. പൊതു കലക്ഷൻ പോലും നടത്താതെ ഒരു നിശ്ചിത വിഹിതം ഓരോരുത്തരും സ്വന്തമായെടുത്തു കൊണ്ടാണ് ടെലിവിഷൻ വാങ്ങാനുള്ള സംഖ്യ ഇവർ സ്വരൂപിച്ചത്. വട്ടിക്കുന്നുമ്മലെ പ്രവാസി സുഹൃത്തുക്കളും ഈ സംരംഭത്തിലേക്ക് അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. ഫുട്ബോൾ മേള കഴിഞ്ഞാലും ടെലിവിഷൻ എടുത്തു മാറ്റാതെ പ്രദേശവാസികൾക്ക് എന്നും കാണാൻ പറ്റുന്ന വിധത്തിൽ സ്ഥിരമായി നിർത്തുമെന്നും ഇവർ അറിയിച്ചു.
സേവന രംഗത്ത് നിറ സാന്നിധ്യമായി കുറഞ്ഞ കാലം കൊണ്ടു തന്നെ ജന ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ വട്ടിക്കുന്നുമ്മൽ പ്രദേശത്തെ യുവാക്കൾക്ക് സാധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സേവന പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന ഇവർ പ്രവർത്തനങ്ങൾക്ക് ഒരു സംഘടിത രൂപം കൈവരുന്നതിന്നു വേണ്ടിയാണ് " ഐഡിയൽ ഹെൽപ് ലൈൻ" എന്ന കമ്മിറ്റിക്ക് രൂപം നൽകി പ്രവർത്തനം ആരംഭിച്ചത്. ജനോപകാരപ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഇവർക്കു സാധിക്കുകയും ചെയ്തു. സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ പ്രതിജ്ഞ ചെയ്തിറങ്ങിയവരാണ് ഐഡിയൽ ഹെൽപ് ലൈനിലെ ഓരോ പ്രവർത്തകനും.
