കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവം; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തലശേരി സിജെഎം കോടതി ആണ് ജാമ്യപേക്ഷ തള്ളിയത്. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജസ്ഥാനി കുടുംബത്തിലെ ആറു വയസുകാരനെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിച്ചത്. ഇതിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. ചവിട്ടേറ്റ ഗണേഷിന്റെ നടുവിന് സാരമായി പരിക്കേറ്റു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്. സംഭവം നടന്നതിന് പിറ്റേദിവസം രാവിലെയാണ് പ്രതിയെ വാഹനമടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
നവംബർ മൂന്നിന് രാത്രി എട്ടു മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം. ശിഹ്ഷാദ് കാർ നിർത്തിയതിനു ശേഷം ടെക്‌സ്‌റ്റൈൽ ഷോപ്പിലേക്ക് സമയത്താണ് ഗണേഷ് ഒരു കൗതുകത്തിന് അവിടെയത്തിക്കുകയും കാറിൽ ചാരി നിൽക്കുകയും ചെയ്തത്. ഇതുകണ്ട് ദേഷ്യം വന്ന ശിഹ്ഷാദ് ഓടിയെത്തി കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റു വീണ കുട്ടി നിലവിളിക്കുകയും ചെയ്തു.
സംഭവം കണ്ട് അവിടെയുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടുകയും യുവാവുമായി സംസാരിക്കുകയും ചെയ്തു. ബന്ധുക്കളായ കുട്ടികൾ കാറിലുണ്ടായിരുന്നുവെന്നും അവരെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ശിഹ്ഷാദ് പറഞ്ഞത്. ഈ സമയത്ത് പൊലീസ് അവിടെയെത്തുകയും ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ല. പകരം അടുത്തദിവസം രാവിലെ സ്റ്റേഷനിലെത്താനാണ് പൊലീസ് ആവശ്യപ്പെട്ടത്. നാട്ടുകാരാണ് ഗണേഷിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി കണ്ണൂരിൽ താമസിക്കുന്ന രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ഗണേഷ്. ബലൂൺ വിറ്റ് ഉപജീവനം കഴിക്കുന്നവരാണ് ഗണേഷിന്റെ കുടുംബം. ബാലാവകാശ കമ്മീഷനടക്കം സംഭവത്തിൽ ഇടപെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍