മെസിയും നെയ്മറും അവിടെ തന്നെ നില്‍ക്കും’; ചെറുപുഴയില്‍ നിന്ന് കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത്

കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത്. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂറാണ് ഈ കാര്യം വ്യക്തമാക്കിയത്. ‘ഒരു വക്കീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടിസ് ഒന്നും നല്‍കിയിട്ടില്ല’, ഗഫൂര്‍ പറഞ്ഞു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ചെറുപുഴയില്‍നിന്ന് കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയത്. പുഴയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടസപ്പെടുത്തുന്നുവെന്നും വനം വകുപ്പ് നിയമത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും വ്യക്തമാക്കി.

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെയായിരുന്നു നാട്ടില്‍ ആരാധകരുടെ ആവേശപ്രകടനവും വാശിപ്പോരും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലുള്ള പുള്ളാവൂരിലെ ചെറുപുഴയിലായിരുന്നു സംഭവം. അര്‍ജന്റീന ആരാധകരാണ് ആദ്യമായി ലയണല്‍ മെസ്സിയുടെ കട്ടൗട്ട് പുഴയില്‍ സ്ഥാപിച്ചത്. 30 അടി പൊക്കമാണ് കട്ടൗട്ടിനുണ്ടായിരുന്നത്.

കട്ടൗട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനു പിന്നാലെ ബ്രസീല്‍ ആരാധകരും രംഗത്തെത്തി. പത്തടി കൂടി അധികം പൊക്കമുള്ള ഭീമന്‍ നെയ്മര്‍ കട്ടൗട്ടാണ് ബ്രസീല്‍ ആരാധകര്‍ പുഴയില്‍ തൊട്ടരികെ സ്ഥാപിച്ചത്.

എന്നാല്‍, കളിയാവേശത്തിനിടെയുള്ള പഞ്ചായത്തിന്റെ ഇടപെടല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. ലോകശ്രദ്ധ നേടിയ കട്ടൗട്ടുകള്‍ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍