ബെൽജിയത്തെ മൊറോക്കോ പരാജയപ്പെടുത്തിയതിന് പിന്നാലെ ബ്രസൽസിൽ കലാപം
ബ്രസൽസ്: ലോകകപ്പ് മത്സരത്തിൽ മൊറോക്കോ ബെൽജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കലാപം. ഫുട്ബോൾ ആരാധകരാണ് ബ്രസൽസിൽ ആക്രമണം നടത്തിയത്. നിരവധി കടകളുടെ ചില്ലുകൾ ആരാധകർ അടിച്ചു തകർത്തു. വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
'മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസൻ കണക്കിന് ആളുകൾ പൊലീസുമായി ഏറ്റുമുട്ടാൻ ആരംഭിച്ചു. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയർത്തി.' എന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ആരാധകരുടെ ആക്രമണത്തിൽ ഒരു മാധ്യമ പ്രവർത്തകന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് ബ്രസൽസിൽ മെട്രോ സ്റ്റേഷൻ അടച്ചിട്ടു, നഗരത്തിന്റെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
'ഫുട്ബോൾ ആരാധകരുടെ ആക്രമണങ്ങളിൽ ഞാൻ ശക്തമായി അപലപിക്കുന്നു. പൊലീസ് ഇതിനകം തന്നെ ശക്തമായി ഇടപെട്ടിട്ടുണ്ട്. പൊതു ക്രമം നിലനിർത്താൻ പൊലീസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഞാൻ പൊലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.' എന്ന് ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് ട്വീറ്റ് ചെയ്തു.
ഗ്രൂപ്പ് ഇ മത്സരത്തിൽ മൊറോക്കോ 2-0 ത്തിന് ബെൽജിയത്തെ തോൽപ്പിച്ചിരുന്നു. 73–ാം മിനുട്ടിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലുമാണ് ഗോളുകൾ മൊറോക്കോയ്ക്കായി നേടിയത്. ബെല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ക്രൊയേഷ്യയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു.
