ആറ് വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവം: വധശ്രമത്തിന് കേസെടുത്തു; പ്രതി കസ്റ്റഡിയില്‍


കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിയ ആള്‍ കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടി.

തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. യാതൊരു പ്രകോപനവും കൂടാതെ കാറില്‍ ചാരിനിന്നിരുന്ന കുട്ടിയെ ഇയാള്‍ ചവട്ടിത്തെറിപ്പിക്കുകയായിരുന്നു. നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ശിഹ്ഷാദിനെ ചോദ്യം ചെയ്തെങ്കിലും ഉടന്‍ തന്നെ ഇയാള്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു. രാജസ്ഥാനില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് മര്‍ദനമേറ്റ ഗണേഷ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍