ക്വാറിക്ക് മുകളില്‍ നിന്ന് സെല്‍ഫി; വിവാഹത്തലേന്ന് പാറക്കുളത്തില്‍ വീണ് വരനും വധുവിനും പരുക്ക്


ചാത്തനൂര്‍: പാറക്കുളത്തില്‍ വീണ് വരനും വധുവിനും പരുക്ക്. വിവാഹതലേന്ന്  സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി പാറക്കുളത്തില്‍ വീഴുകയായിരുന്നു ഇരുവരും. വിനു കൃഷ്ണന്‍, സാന്ദ്ര എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അപകടം.

വിവാഹതലേന്ന് വേളമാനൂര്‍ കാട്ടുപ്പുറത്തിന് സമീപമുളള ക്ഷേത്രത്തില്‍ എത്തിയതാണ് ഇരുവരും. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തിന് സമീപമുളള പാറ ക്വാറിയും കുളവും കാണാനായി എത്തുകയായിരുന്നു. പാറ ക്വാറിയുടെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സാന്ദ്ര കാല്‍വഴുതി 120 അടി താഴ്ചയിലേക്ക് വീണു. തുടര്‍ന്ന് രക്ഷിക്കാനായി വിനു കൂടെ ചാടി സാന്ദ്രയെ പാറയില്‍ പിടിച്ചു നിര്‍ത്തി.

വിനുവിന്റെ നിലവിളി കേട്ട് അടുത്തുളള റബര്‍ തോട്ടത്തില്‍ നിന്ന് ഒരു യുവാവ് എത്തുകയായിരുന്നു. ഉടന്‍ തന്നെ യുവാവ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പാരിപ്പളളി പൊലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി. പ്രദേശവാസികളായ രണ്ടു യുവാക്കള്‍ ചങ്ങാടത്തില്‍ കുളത്തിലിറങ്ങി ഇരുവരെയും രക്ഷിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായതിനാല്‍ വിവാഹം മാറ്റിവെച്ചതായി ബന്ധുക്കള്‍ അറിയിച്ചു.