വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; അടിവാരം സ്വദേശി ഹര്‍ഷിന മെഡിക്കല്‍ കോളജിലെ പ്രതിഷേധം അവസാനിപ്പിച്ചു
കോഴിക്കോട് മെഡിക്കല്‍കോളജില്‍ ശസ്ത്രക്രിയയ്ക്കു ശേഷം വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരി അടിവാരം സ്വദേശി ഹര്‍ഷിന പ്രതിഷേധം അവസാനിപ്പിച്ചു.ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നീതി കിട്ടുമെന്നു പ്രതീക്ഷയുണ്ടെന്ന് ഹര്‍ഷിന പറഞ്ഞു.
ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നില്ലെന്നും ആരോഗ്യ മന്ത്രിയെ വിളിച്ചിട്ട് മറുപടി പറയുന്നില്ലെന്നും ആരോപിച്ചാണു ഹര്‍ഷിന പ്രതിഷേധം ആരംഭിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കും വരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടരുമെന്നും ഹര്‍ഷിന വ്യക്തമാക്കിയിരുന്നു.
ആദ്യം അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെചുമതലപ്പെടുത്തിയതായാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്കു വിധേയമായ സ്ത്രീയുടെ പക്ഷത്തുനിന്നു തന്നെയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷല്‍ ഓഫീസര്‍ കോ-ഓര്‍ഡിനേറ്ററായ അന്വേഷണ സംഘം നേരത്തെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്, അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നു വച്ച കത്രിക മൂത്രസഞ്ചിയില്‍ തറഞ്ഞു നില്‍ക്കുകയായിരുന്നു. കടുത്ത വേദന മൂലം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.
