'MBBS സീറ്റ് കിട്ടിയതിന് നാട്ടിൽ സ്വീകരണം'; ആൾമാറാട്ടമോ വ്യാജരേഖയോ ഇല്ല, കേസ് അവസാനിപ്പിക്കുന്നു
കോഴിക്കോട്: മെഡിക്കൽ പ്രവേശന യോഗ്യത നേടാതെ പ്ലസ്ടു വിദ്യാർഥിനി എം.ബി.ബി.എസ്. ക്ലാസിലിരുന്ന സംഭവത്തിൽ പോലീസ് കേസ് അവസാനിപ്പിക്കുന്നു. വിദ്യാർഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയക്കുകയോ ചെയ്യാത്തതിനാൽ ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. അതിനാൽ കേസ് അവസാനിപ്പിക്കാനാണ് തീരുമാനം.
നവംബർ 29 മുതൽ നാലുദിവസമാണ് 19-കാരി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാംവർഷം എം.ബി.ബി.എസ്. ക്ലാസിലിരുന്നത്. നേരത്തെ നീറ്റ് പരീക്ഷ എഴുതിയിരുന്ന പെൺകുട്ടി പരീക്ഷാഫലം വന്ന സമയത്ത് ഗോവയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവിടെവെച്ച് ഫലം നോക്കിയപ്പോൾ നീറ്റ് യോഗ്യത നേടിയെന്നാണ് കരുതിയിരുന്നത്. തുടർന്ന് നാട്ടിലുള്ള വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം വിവരമറിയിച്ചു. ഇക്കാര്യം ബന്ധുക്കളടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ നാട്ടിലെത്തി വീണ്ടും ഫലം പരിശോധിച്ചപ്പോഴാണ് തന്റെ റാങ്ക് പതിനായിരത്തിന് മുകളിലാണെന്നും മെഡിക്കൽ പ്രവേശനം ലഭിക്കില്ലെന്നും പെൺകുട്ടിക്ക് മനസിലായത്.
ഇതിനിടെ എം.ബി.ബി.എസ്. പ്രവേശനം കിട്ടി എന്ന് കരുതി കുട്ടി കൂട്ടുകാരെ ഇക്കാര്യം അറിയിക്കുകയും നാട്ടിൽ സ്വീകരണം നൽകുകയും ചെയ്തിരുന്നു. പിന്നീട് ഉണ്ടാവുന്ന അപമാനം ഭയന്നാണ് ക്ലാസിൽ ഇരുന്നുള്ള ഒരു ഫോട്ടോ എടുക്കാൻ കുട്ടി മെഡിക്കൽ കോളേജിൽ എത്തിയത്. എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുക എന്നല്ലാതെ കുട്ടിക്ക് വേറെ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ മൊഴി എടുക്കുകയും വിശദമായി അന്വേഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വ്യക്തമായതോടെയാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും പോലീസ് പറയുന്നു.
കുട്ടി മനപ്പൂർവം ചെയ്തതല്ലെന്നും ചെയ്ത തെറ്റിൽ കുട്ടി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജരേഖ ചമയ്ക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായതിനാൽ കുട്ടിയുടെ ഭാവി കൂടി കണക്കിലെടുത്താണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്
പ്രവേശനപരീക്ഷയിൽ യോഗ്യതനേടി ആദ്യ അലോട്മെന്റിൽ കോളേജിലെത്തിലെത്തിയ 170 കുട്ടികളുടെ ക്ലാസ് നവംബർ 15-ന് തുടങ്ങിയിരുന്നു. രണ്ടാഴ്ചകഴിഞ്ഞ് രണ്ടാംഘട്ട അലോട്മെന്റിനുശേഷം ക്ലാസ് തുടങ്ങിയപ്പോഴാണ് യോഗ്യതയില്ലാത്ത വിദ്യാർഥിനി എം.ബി.ബി.എസ്. ക്ലാസിലിരുന്നത്. ഈ ബാച്ചിൽ 49 കുട്ടികളാണെത്തിയത്. 29 -ന് രാവിലെ ക്ലാസ് തുടങ്ങാൻനേരം വിദ്യാർഥികൾ കൂട്ടമായെത്തിയപ്പോൾ പ്രവേശനകാർഡ് പരിശോധിക്കാതെ പേര് ഹാജർപട്ടികയിൽ ചേർക്കുകയായിരുന്നു.
തലേദിവസംതന്നെ അലോട്മെന്റ് ലിസ്റ്റ് കോഴ്സ് കോ-ഓർഡിനേറ്റർക്ക് നൽകിയിരുന്നെങ്കിലും ഇക്കാര്യം ക്ലാസിന്റെ ചുമതലയിലുള്ളവരെ അറിയിക്കുന്നതിൽ പറ്റിയ വീഴ്ചയാണ് വ്യാജപ്രവേശനത്തിന് കാരണമായത്. ഹാജർപട്ടികയിൽ എല്ലാവരുടെയും പേര് ചേർത്തുകഴിഞ്ഞ് 'ഇനി ആരുടെയെങ്കിലും പേര് ചേർക്കാനുണ്ടോ' യെന്ന് അധ്യാപിക ചോദിച്ചപ്പോൾ ഈ കുട്ടി പേരുപറയുകയായിരുന്നു. ഇതേ രജിസ്റ്ററിലാണ് തുടർന്നുള്ള ദിവസങ്ങളിലും കുട്ടികളുടെ ഹാജർ രേഖപ്പെടുത്തിയതെന്നാണ് വകുപ്പുമേധാവികളുടെ വിശദീകരണം.
