യൂത്ത് കോൺഗ്രസിൻ്റെ ബിബിസി ഡോക്യുമെൻ്ററി പ്രദർശനത്തിൽ ബിജെപി പ്രവർത്തകൻ്റെ മിന്നലാക്രമണം: യുവാവിനെ ഓടിച്ചിട്ട് പിടികൂടിയവരിൽ ഡിവെെഎഫ്ഐക്കാരും
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയുള്ള ബിബിസിയുടെ `ഇന്ത്യ ദ് മോദി ക്വസ്റ്റ്യന്‍´ ഡോക്യുമെൻ്ററി രാജ്യത്ത് സംഘർഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വിവാദങ്ങൾക്ക് പിന്നാലെ ഡോക്യുമെൻ്ററി പല സമൂഹമാധ്യമങ്ങളിലും നിരോധിച്ചുവെങ്കിലും അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത് രാജ്യമെമ്പാടും ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രദർശനം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഡിവെെഎഫ്ഐയും യൂത്ത് കോൺഗ്രസും പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പ്രദർശനങ്ങളെ എന്തു വിലകൊടുത്തും തടയുമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് ബിജെപിയും. ഡോക്യൂമെൻ്ററി രാജ്യദ്രോഹമെന്നാണ് ബിജെപി പറയുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്ട് യുത്ത് കോൺഗ്രസ് `ഇന്ത്യ ദ് മോദി ക്വസ്റ്റ്യന്‍´ ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിനിടയിൽ വേദിയിൽ ബിജെപി പ്രവർത്തകൻ മിന്നലാക്രമണം നടത്തുകയായിരുന്നു. ഡോക്യുമെൻ്ററി പ്രദർശനം നടത്തിക്കൊണ്ടിരുന്ന സ്ക്രീൻ വലിച്ചുപൊട്ടിച്ചുകൊണ്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമമാണ് ബിജെപി പ്രവർത്തകൻ നടത്തിയത്. എന്നാൽ പ്രദർശനം കാണാൻ കൂടി നിന്ന ഡിവെെഎഫ്ഐ പ്രവർത്തകരും സംഘാടകരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ഡോക്യുമെൻ്ററി പ്രദർശനം നടക്കുന്ന സദസ്സിൽ പൊലീസിൻ്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഡിവെെഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപി പ്രവർത്തകനെ ആക്രമിക്കുന്നത് കണ്ട് പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് ആക്രമിക്കപ്പെട്ട യുവാവിനെ രക്ഷിച്ചെടുക്കുകയായിരുന്നു. പ്രദർശനം നടന്നുകൊണ്ടിരിക്കേ അപ്രതീക്ഷിതമായാണ് യുവാവ് പ്രദർശനം തടയാൻ ശ്രമിച്ചത്. പ്രദർശനത്തിനായി വലിച്ചു കെട്ടിയിരുന്ന സ്ക്രീൻ പൊട്ടിച്ച് ഓടിയതോടെയാണ് പ്രകോപിതരായ സംഘാടകരും ഡിവെെഎഫ്ഐ പ്രവർത്തകരും യുവാവിനെ ഓടിച്ചിട്ട് പിടികൂടിയത്.
അതേസമയം സംസ്ഥാനത്ത് ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം മാനവീയം വീഥിയിലും പൂജപ്പുരയിലും നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. ബിജെപി, യുവമോര്‍ച്ച നേതാക്കൾ പ്രതികളായ കേസിൽ ഒന്നാം പ്രതി വി വി രാജേഷാണ്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ കേസെടുത്തിട്ടില്ല. ഡോക്യുമെൻ്ററി പ്രദര്‍ശനം നിരോധിച്ചുകൊണ്ട് ഉത്തരവില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേർ കേസിൽ പ്രതികളാണ്. ആകെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് അന്ന് കേസെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍