സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിക്കില്ല


കണ്ണൂർ: കോൺഗ്രസ് ഇനി കേരളത്തിൽ ഹർത്താൽ നടത്തില്ലെന്ന് കെ.സുധാകരൻ എംപി. ഹർത്താൽ എന്ന സമര മുറയ്‌ക്കെതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ നടത്തില്ലെന്നും കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

"കെസിസിയുടെ ഉറച്ച തീരുമാനമാണിത്. ഞാനുള്ളത് വരെ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ല. നയങ്ങൾ മാറാം, ഇപ്പോഴത്തെ നയമാണ് പറയുന്നത്. ഇനിയൊരു ഹർത്താൽ കോൺഗ്രസിന്റേതായി ഉണ്ടാവില്ല". കെ.സുധാകരൻ പറഞ്ഞു.

എന്നാൽ ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന സമരം നയിക്കുമെന്ന് പ്രഖ്യാപിച്ച സുധാകരൻ ജനത്തിന്റെ നടുവ് ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചതെന്നും പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

"തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുന്ന തീപാറുന്ന സമരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. യുവാക്കൾ കേരളം വിട്ട് പോകുന്നതിനെ കുറിച്ച് വലിയ ആശങ്ക പ്രകടിപ്പിച്ച ഗവൺമെന്റ് ആ യുവാക്കൾക്ക് നാട്ടിൽ നിൽക്കാൻ പ്രേരണ നൽകുന്ന എന്തെങ്കിലുമൊന്ന് ബജറ്റിൽ ഉൾക്കൊള്ളിച്ചോ? ഇവിടെ അസ്തിത്വമില്ലാത്തത് കൊണ്ടാണ് യുവതലമുറ പലായനം ചെയ്യുന്നത്. അവർക്കുവേണ്ട ഒന്നും തന്നെ സർക്കാർ ചെയ്യുന്നില്ല".

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍