ഡിയോണയുടെ നില ഗുരുതരമായി തുടരുന്നു; പുലർച്ചെയോടെ അടിയന്തര ശസ്ത്രക്രിയ നടത്തി
കൽപറ്റ ∙ പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന, കണ്ണൂർ ഇരിട്ടി പാലത്തുംകടവ് കച്ചേരിക്കടവ് ചെൻമേലിൽ ബെസ്റ്റിയുടെ മകൾ ഡിയോണയുടെ (16) നില ഗുരുതരമായി തുടരുന്നു. ഡിയോണയ്ക്കു ഇന്നലെ പുലർച്ചെയോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. അതേസമയം, ഇതേ അപകടത്തിൽ മരിച്ച 3 വിദ്യാർഥികളുടെയും മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്കു കൊണ്ടുപോയി.
ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ മൂന്നാംവർഷ ബിസിഎ വിദ്യാർഥി ഇരിട്ടി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്മേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാംവർഷ വിദ്യാർഥിനി ഇരിട്ടി അങ്ങാടിക്കടവ് കലറക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർഥിനി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ് (21) എന്നിവരാണ് മരിച്ചത്. മരിച്ച അഡോണിന്റെ സഹോദരിയാണു ഡിയോണ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിശേഷം ഇന്നലെ രാവിലെ പത്തരയോടെയാണ് മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ കൊണ്ടുപോയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ടോടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിയിൽ ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. കാറിലുണ്ടായിരുന്നവരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തിരിച്ച് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പറയപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍