അകാലത്തിൽ വേർപിരിഞ്ഞ 'അപ്പൂസി'ന്റെ ഓര്‍മയില്‍ നോമ്പെടുത്ത് ദമ്പതികൾ

പൂനൂർ:മകന്റെ അകാല വേർപാടിന്റെ ഓർമയിൽ നോമ്പെടുത്തു ജീവകാരുണ്യ പ്രവർത്തകരായ ദമ്പതികൾ.ഉണ്ണികുളം എം.എം പറമ്പ് കോട്ടക്കുന്നുമ്മല്‍ 'ആദിഷം' വീട്ടില്‍ സദാനന്ദന്‍ (60), ഭാര്യ ബേബി ഷൈജ (47) എന്നിവരാണ് മരണപ്പെട്ട മകന്റെ ഓര്‍മയില്‍നോമ്പെടു ക്കുന്നത്. പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം കാമ്പസിലെ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2020ല്‍ മരണപ്പെട്ട മകന്‍ ആദിഷ് സദന്റെ (അപ്പൂസ് -23) ഓര്‍ മയിലാണ് റമദാന്‍നോമ്പെടുക്കുന്നത്.

കാരന്തൂരില്‍ താമസിക്കുന്ന കാലത്ത് ചെറുപ്പം മുതല്‍ കൂട്ടുകാരികളായ  സുഹൃത്തുക്കളില്‍നിന്നാണ് നോമ്ബെടുക്കാന്‍ പ്രചോദനം ലഭിച്ചതെന്ന് ബേബി ഷൈജ പറഞ്ഞു. ഭിന്നശേഷിക്കാരനായ മകന്‍ ആദിഷ് സദനെ 2010ല്‍ പൂനൂര്‍ കാരുണ്യ തീരം സ്പെഷല്‍ സ്കൂളില്‍ ചേര്‍ത്തിയത് മുതല്‍ അവിടെയുള്ള ജീവിതവും ഇഫ്താര്‍ അനുഭവങ്ങളുമാണ് നോമ്പിലേക്ക് പിന്നീട് അടുപ്പിച്ചത്.

അസാധ്യമെന്ന് കരുതിയ കാര്യം നേടിയെടുക്കാന്‍ കഴിഞ്ഞതായിരുന്നു ആദ്യ നോമ്പ് നല്‍കിയ അനുഭവമെന്ന് കാരുണ്യതീരം സൈക്യാട്രിക് ക്ലിനിക് വളന്റിയര്‍ കൂടിയായ ബേബി ഷൈജ പറയുന്നു. കാരുണ്യതീരത്തെ ഇഫ്താര്‍ പാര്‍ട്ടികളില്‍ മകന്‍ അപ്പൂസും പങ്കെടുക്കാറുണ്ടായിരുന്നു.മകന്റെ മരണശേഷം പിന്നീട് 2021ലാണ് ദമ്ബതികള്‍ തുടര്‍ച്ചയായി നോമ്പ് എടുത്തു തുടങ്ങിയത്. കാരുണ്യ തീരത്തെ കൂട്ടുകാരിയായ താമരശ്ശേരി സ്വദേശി ആയിഷയാണ് നോമ്ബെടുക്കാനുള്ള തയാറെടുപ്പുകള്‍ പറഞ്ഞു മനസ്സിലാക്കുന്നത്. മുന്‍ പ്രവാസിയും കര്‍ഷകനുമായ ഭര്‍ത്താവ് സദാനന്ദനും ഇവരോടൊപ്പം വ്രതമനുഷ്ഠിക്കുന്നുണ്ട്. 

കഠിനമായ ചൂടില്‍ വീട്ടുവളപ്പില്‍ കാര്‍ഷിക വിളകളുടെ പണിയില്‍ ഏര്‍പ്പെട്ടാല്‍ പോലും നോമ്പു മുറിക്കാറില്ലെന്ന് സദാനന്ദന്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാറിന്റെ' ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റാണ് ബേബി ഷൈജ. ഭര്‍ത്താവും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

സി.പി.എം എം.എം പറമ്പ് ബ്രാഞ്ച് അംഗവും വാര്‍ഡിലെ എ.ഡി.എസ് പ്രസിഡന്റ് കൂടിയാണ് ബേബി ഷൈജ. കമ്പ്യൂട്ടർ വിദ്യാര്‍ഥിയായ അദിനന്ദ് സദന്‍, ബി.എസ്‌.സി നഴ്സിങ്ങിന് പഠിക്കുന്ന അദിഖസദന്‍ എന്നീ മക്കളും മാതാപിതാക്കള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍