കള്ളുഷാപ്പിൽ ആഘോഷം ;കേസെടുത്തു എക്സൈസ്
കുട്ടനാട് ∙ മീനപ്പള്ളി കള്ളുഷാപ്പിൽ കുട്ടികളുമൊത്തു മുതിർന്നവർ കള്ളുകുടിച്ച് ആഘോഷിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. 22നാണു വിനോദ സഞ്ചാരികളുടെ സംഘം ഹൗസ്ബോട്ടിൽ ഷാപ്പിലെത്തിയത്. ഭക്ഷണത്തിനു ശേഷമായിരുന്നു മദ്യപാനം.
ഷാപ്പ് ലൈസൻസിക്കെതിരെയും നടത്തിപ്പു ചുമതല വഹിച്ചിരുന്നയാൾക്കെതിരെയും എക്സൈസ് കേസെടുത്തു. നടത്തിപ്പു ചുമതലയുണ്ടായിരുന്ന കുട്ടമംഗലം സ്വദേശി ജ്യോതിസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ലൈസൻസി ചന്ദ്രബോസിനായി അന്വേഷണം തുടരുകയാണ്. 23 വയസ്സിൽ താഴെയുള്ളവർക്കു മദ്യം നൽകിയതിനാണ് ഇരുവർക്കുമെതിരെ കേസ്
കുട്ടികൾക്കു മദ്യം നൽകിവരെക്കുറിച്ചും അതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷണം തുടങ്ങി. ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഉറവിടം കണ്ടെത്താനായിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ വിഡിയോ ദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താനാണു ശ്രമം.സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുട്ടികളെ ഷാപ്പിൽ കൊണ്ടുപോയതിനും അവർക്കു മുൻപിൽ മദ്യപിച്ചതിനും കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ് കുമാറാണു സ്വമേധയാ കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ എന്നിവർക്കു കമ്മിഷൻ നിർദേശം നൽകി. കുട്ടനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷ്കുമാർ, പ്രിവന്റീവ് ഓഫിസർ എം.പി.ജ്യോതിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.ജിനു, എ.ബി.ശ്രീകുമാർ, എ.നൗഫൽ, ഡ്രൈവർ കെ.വി.ജോഷി എന്നിവർ ചേർന്നാണു ജ്യോതിസിനെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍