തിരുവമ്പാടി : മുന്നറിയിപ്പുകളും നിർദേശങ്ങളും കാറ്റിൽ പറത്തുമ്പോൾ കോടഞ്ചേരി പതങ്കയത്ത് പൊലിയുന്നത് നിരവധി ജീവനുകൾ. ഞായറാഴ്ച വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട് മരിച്ച പതിനെട്ടു വയസുകാരൻ അതിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ്. ഇതോടെ ഇവിടെ മരണപ്പെട്ടവരുടെ എണ്ണം 21 ആയി .മരിച്ചവരിലേറെയും 25 വയസിന് താഴെയുള്ളവരാണ്.

ഇരുവഞ്ഞിപ്പുഴയിലെ നാരങ്ങാത്തോടിന് സമീപത്തെ പതങ്കയത്തും പരിസരപ്രദേശങ്ങളിലും പുഴയിൽ ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ കാരണം കഴിഞ്ഞ മേയ് 9 മുതൽ ഈ നിരോധനം കർശനവുമാണ്. എന്നാൽ സന്ദർശകർ ഇതൊന്നും വകവെയ്ക്കുന്നില്ല. കോടഞ്ചേരിയിലെ പ്രധാനവഴിയിലൂടെ എത്തുന്നവരെ നാട്ടുകാരും പൊലീസും ചേർന്ന് തിരിച്ചയക്കുന്നുണ്ട്. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് ഫൈൻ ഇടാക്കുന്നുമുണ്ട്.

കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ വഴി പതങ്കയത്തേക്ക് പ്രവേശനം കർശനമാക്കിയിട്ടുണ്ട്,  തിരുവമ്പാടി ആനക്കാംപൊയിൽ വഴി എത്തുന്നവരെ തടയാൻ നിലവിൽ സംവിധാനങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഞായറാഴ്ച മുതൽ ഇവിടെയും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ താനൂർ സ്വദേശികളായ രണ്ട് യുവാക്കളെ നാട്ടുകാർ കയർ കെട്ടിക്കൊടുത്ത് രക്ഷപ്പെടുത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ രണ്ട് യുവാക്കളെയും ഹോംഗാർഡ് തടഞ്ഞതാണ്. പിന്നീട് ഇവർ ഹോംഗാർഡിന്റെ കണ്ണ് വെട്ടിച്ച് ഊടുവഴിയിലൂടെ പുഴയിലിറങ്ങുക യായിരുന്നു. പാറക്കെട്ടുകളും കയങ്ങളും നിറഞ്ഞ പുഴയിലെ അപകടസാദ്ധ്യത അറിയാതെയും അവഗണിച്ചും കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽ പ്പെടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

മഴക്കാലം കഴിയുന്നത് വരെ പതങ്കയ‌ത്ത് നിരോധനം കർശനമാക്കാൻ ഇന്നലെ നടന്ന കളക്ട്രേറ്റ് യോഗത്തിൽ തീരുമാനമായി. ജില്ലയിലെ പതങ്കയം, ഒലിച്ചുചാട്ടം എന്നീ പ്രദേശങ്ങളിലെ പുഴയുടെ പരിസരത്തും പുഴയിലും ഇറങ്ങുന്നത് ജൂൺ ഒന്നു മുതൽ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എ. ഗീത അറിയിച്ചിരുന്നു.

നിരോധനം ലംഘിക്കുന്നവരിൽ നിന്നും 1000 രൂപ പിഴയീടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ജൂൺ ഒന്നിന് മുമ്പായി പ്രസ്തുത പ്രദേശങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്കും നിർദേശം നൽകി. സ്വകാര്യ ഭൂമികളിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ അതത് ഭൂവുടമകൾ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉത്തരവ് നിലനിൽക്കും.

നിരോധനം നീക്കിയാൽ പതങ്കയത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കായി കോടഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതി രൂപീകരിക്കാനും കളക്ടറേറ്റിൽ ചേർന്ന പഞ്ചായത്ത് പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പ്രദേശവാസികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന സമിതിയുടെ മേൽ നോട്ടത്തിൽ ഇവിടെ സുരക്ഷ ഉറപ്പാക്കും . സന്ദേശകർക്ക് ലൈഫ് ജാക്കറ്റും നിർബന്ധമാക്കും.