അസ്മിയയുടെ മരണത്തില്‍ നിജസ്ഥിതി അന്വേഷിക്കണം'; സംഭവം ഞെട്ടലുണ്ടാക്കിയെന്ന് ഡിവൈഎഫ്‌ഐ


തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന ശാലയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ബീമാപള്ളി സ്വദേശിയായ അസ്മിയ (17)യെയാണ് ബാലരാമപുരത്തെ അല്‍ അമല്‍ മത പഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി അസ്മിയമോള്‍ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു.