നമ്പര്‍ ഓട്ടോയുടേത്, ചിത്രം സ്‌കൂട്ടറിന്റെ, പിഴ ഹെല്‍മറ്റ് ഇല്ലാത്തതിന്


ചാരുംമൂട്: വിവിധ നിയമലംഘനകള്‍ക്ക് പോലീസും മോട്ടോര്‍വാഹന വകുപ്പും അയക്കുന്ന നോട്ടീസുകളില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറുന്നതായി വ്യാപക പരാതി. ഇതുമൂലം മറ്റുള്ളവര്‍ ചെയ്ത നിയമലംഘനത്തിനു പിഴയടയ്‌ക്കേണ്ട ഗതികേടിലാണ് വാഹന ഉടമകള്‍. കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായ താമരക്കുളം ചത്തിയറ സ്വദേശി രാജേഷിനാണ് ഹെല്‍മെറ്റു ധരിക്കാതെ യാത്രചെയ്തതിനു പിഴയടയ്ക്കാന്‍ കഴിഞ്ഞദിവസം ഫോണില്‍ സന്ദേശമെത്തിയത്.

രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 31 എല്‍ 5623 നമ്പരുള്ള ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ചെന്നു കാട്ടിയാണ് 500 രൂപ പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചത്. ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ പോകുന്നയാളുടെ ചിത്രമാണ് ചെല്ലാനിലുള്ളത്. ബൈക്കിന്റെ നമ്പര്‍ വ്യക്തവുമല്ല. കെ.എല്‍. 31 എല്‍ എന്നുവരെ വ്യക്തമായി വായിക്കാം. എന്നാല്‍, തനിക്കു ആക്ടീവ സ്‌കൂട്ടറാണുള്ളതെന്നും നോട്ടീസയച്ചപ്പോള്‍ ബൈക്കിന്റെ നമ്പരിനു പകരം തന്റെ വാഹനത്തിന്റെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാകാമെന്നും രാജേഷ് പറയുന്നു.

ചാരുംമൂട്ടില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കൊട്ടയ്ക്കാട്ടുശ്ശേരി ഹസീന മന്‍സിലില്‍ ഷാനവാസിനും സമാനരീതിയില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഹെല്‍മെറ്റില്ലാതെ യാത്രചെയ്തതിനു 500 രൂപ പിഴയടയ്ക്കാനാണു നോട്ടീസ്. തിരുവനന്തപുരം റൂറല്‍ പോലീസാണു നോട്ടീസ് അയച്ചത്. നോട്ടീസിലെ ചിത്രത്തില്‍ ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്നയാളുടെ ചിത്രവുമുണ്ട്. എന്നാല്‍, നോട്ടീസ് അയച്ചതാകട്ടെ കെ.എല്‍. 21 ബി 7585 നമ്പരിലുള്ള ഓട്ടോറിക്ഷയ്ക്കും.

ഭാര്യാസഹോദരന്‍ സഹീറിന്റെ പേരിലുള്ള ഓട്ടോയാണ് ഷാനവാസ് ഓടിക്കുന്നത്. ഷാനവാസിന്റെ മൊബൈല്‍ ഫോണ്‍ നമ്പരാണ് ആര്‍.ടി. ഓഫീസില്‍ കൊടുത്തിട്ടുള്ളത്. അതിലേക്കാണു സന്ദേശമെത്തിയത്. തിരുവനന്തപുരം നന്നിയോടു വെച്ചുനടന്ന വാഹനപരിശോധനയിലാണു പിഴചുമത്തിയതെന്നും നോട്ടീസിലുണ്ട്. ഷാനവാസിനു സ്‌കൂട്ടറില്ല. ഓട്ടോറിക്ഷയുമായി തിരുവനന്തപുരത്ത് പോയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍