കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട്
ന്യൂഡല്‍ഹി: 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ പ്രദര്‍ശനം വിലക്കിയിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കാണാന്‍ ആളില്ലാത്തത് കൊണ്ടാണ് സിനിമയുടെ പ്രദര്‍ശനം തീയറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
സിനിമയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന് നിര്‍മ്മാതാക്കളുടെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഒരു തരത്തില്‍ ഉള്ള വിലക്കും തങ്ങള്‍ ഏര്‍പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് അഡീഷണല്‍ ഡിജിപി കെ. ശങ്കര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അഭിനേതാക്കളുടെ മോശം പ്രകടനം കാരണമാണ് സിനിമ കാണാന്‍ ആളുകള്‍ തീയറ്ററില്‍ എത്താത്തത്. അതിനാലാണ് സ്വന്തം തീരുമാന പ്രകാരം മള്‍ട്ടി പ്ലക്സ് ഉടമകള്‍ പ്രദര്‍ശനം നിര്‍ത്തി വച്ചത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് എല്ലാ സുരക്ഷയും എര്‍പ്പെടുത്താന്‍ തയ്യാറാണെന്നും തമിഴ്‌നാട് പോലീസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
