പാക്കിസ്ഥാനിലെ പൂട്ടിട്ട കല്ലറ; റിപ്പോര്‍ട്ട് തെറ്റ്

പാക്കിസ്ഥാനില്‍ പെണ്‍മക്കളുടെ കല്ലറകള്‍ ദുരൂപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഗ്രില്ലിട്ട് പൂട്ടുന്നു എന്ന നിലയില്‍ വന്ന വാര്‍ത്ത വ്യാജം. പാക്കിസ്ഥാന്‍ മാധ്യമമായ ഡെയ്ലി ടൈംസ് ആണ് ചിത്രം സഹിതം വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഡെയ്‍ലി ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും ഈ റിപ്പോര്‍ട്ട് നല്‍കി. കോരങ്ങാട് ഓൺലൈൻ ന്യൂസടക്കമുള്ള മലയാള മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു.  എന്നാല്‍  ഹൈദരാബാദിലെ കല്ലറയുടെ ചിത്രമാണ് ഇതെന്നാണ് തുടര്‍ന്നുണ്ടായ വസ്തുതാപരിശോധനയില്‍  വ്യക്തമായത്. 
ഹൈദരാബാദില്‍ ഒരു കല്ലറയില്‍ മറ്റ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് തടയുന്നതിനായി ഗ്രില്ലിട്ടിരിക്കുന്ന ചിത്രങ്ങളാണ് പാക്കിസ്ഥാനിലെ കല്ലറ എന്ന നിലയില്‍ പ്രചരിക്കപ്പെട്ടത്. ഓള്‍ട്ട്ന്യൂസ് ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ആണ് ഇത് ഹൈദരാബാദിലെ കല്ലറയാണെന്ന് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസികളുടെ പ്രതികരണങ്ങളും മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്യുന്നു. 

പാക്കിസ്ഥാന്‍ എഴുത്തുകാരന്‍ ആയ ഹാരിസ് സുല്‍ത്താന്‍  ആണ് പാക്കിസ്ഥാനിലെ കല്ലറയുടെ ചിത്രം എന്ന നിലയില്‍ ഇത് ട്വീറ്റ് ചെയ്തത്. പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടി വരുന്നതായും ഹാരിസ് സുല്‍ത്താന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതാണ് ദി ഡെയ്ലി ടൈംസ് വാര്‍ത്തയാക്കിയത്.  എ.എന്‍.ഐ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തെറ്റായ ഈ വാര്‍ത്ത നല്‍കേണ്ടിവന്നതില്‍ കോരങ്ങാട് ഓൺലൈൻ ന്യൂസ് ന്യൂസ് ഖേദം പ്രകടിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍