പോലീസ് മേധാവിക്ക് നൽകിയ കത്ത് ഫലം കണ്ടു ഒരു വർഷം മുൽപ് രാജുവിനെ ഇടിച്ച വാഹനം കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി: രാജുവിന്റെ നീതിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനും കഷ്ടപ്പാടിനും അവസാനമായി. തന്നെ ഇടിച്ചിട്ട വാഹനം കസ്റ്റഡിയിലെടുക്കാൻ നടപടി ആവശ്യപ്പെട്ട് അപകടത്തിനിരയായ വാവാട് മീത്തൽ എംപി രാജുകോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കത്തിലെ അവസാനവാചകം ഇങ്ങനെയായിരുന്നു.

കത്ത് ഫലം കണ്ടു. രാജുവിനെ ഇടിച്ചുവീഴ്ത്തിയ വാഹനം കർണാടകയിലെ കോലാറിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കഴിഞ്ഞദിവസം താമരശേരിയിലെത്തിച്ചു.അപകടം നടന്ന് ഒരു വർഷവും രണ്ടുമാസവും കഴിഞ്ഞാണ് കർണാടക രജിസ്ട്രേഷനുള്ള ബൊലേറോ വാഹനം പിടിച്ചെടുത്തത്. വാഹനം കസ്റ്റഡിയിലെടുക്കാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമനടപടികൾ തടസപ്പെട്ടിരുന്നു. ഇനി ഇതുമായി മുന്നോട്ടുപോകാൻ കഴിയുമെന്നത് രാജുവിന് ഏറെ ആശ്വാസമാകും.

2022 ഏപ്രിൽ 23നാണ് പെയിന്റിംഗ് തൊഴിലാളിയും സാമൂഹികപ്രവർത്തകനുമായ രാജു വാവാടിനെ വാഹനം ഇടിച്ചുതെറിപ്പിച്ചത്.

താമരശ്ശേരി ടൗണിൽ പോലീസ് സ്റ്റേഷനു വിളിപ്പാടകലെ വച്ച് പഴയ സ്റ്റാൻഡിലേക്കു ബസിൽ കയറാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കാലിന്റെ എല്ല് പൊട്ടി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ശസ്ത്രക്രിയ ഉൾപ്പെടെ ഏറെ നാൾ ചികിത്സയിൽ കഴിയേണ്ടി വന്നു.

പരിക്കിനെ തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാതെ വന്ന രാജു ഭാരിച്ച ചികിത്സാച്ചെലവു കൂടി വന്നതോടെ കടക്കെണിയിലായി. വാഹനം കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിക്കാത്തതിനാൽ ഇൻഷുറൻസ് ആനുകൂല്യത്തിന് കേസ് ഫയൽ ചെയ്യാൻ സാധിക്കാതെയും വന്നു.

നിരവധി തവണ ഈ ആവശ്യവുമായി പോലീസിൽ ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് തന്റെ ദുരവസ്ഥ വ്യക്തമാക്കികൊണ്ടുള്ള കുറിപ്പ് റൂറൽ ജില്ലാ പോലീസ് മേധാവിക്കു നൽകിയത്. ഇതിനു പിന്നാലെയാണ് അന്വേഷണസംഘം ചെന്നൈയിലും കർണാടകയിലും അന്വേഷണം നടത്തി കാർ കസ്റ്റഡിയിലെടുത്ത് താമരശ്ശേരിയിൽ എത്തിച്ചത്.

അപകടത്തിൽപ്പെട്ട ശേഷം ഈ വാഹനം ഉടമ രാജസ്ഥാൻ സ്വദേശിയായ ഒരാൾക്ക് വിറ്റിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാക്കിയ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വൈകാതെ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു