ഏക സിവിൽകോഡിനെ എതിർക്കുക തന്നെയാണ് സിപിഐഎം നയമെന്ന് സീതാറാം യെച്ചൂരി
കോഴിക്കോട്:ഏക സിവിൽകോഡിനെ എതിർക്കുക തന്നെയാണ് സിപിഐഎം നയമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് മറ്റ് ചില അജണ്ടകളുണ്ട്. ഇത് കൃത്യമായ രാഷ്‌ട്രീയ പദ്ധതിയാണ്.
രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ് ഈ ഒത്തുചേരൽ.
ഏക സിവിൽകോഡിനെതിരെ യോജിച്ചുള്ള പോരാട്ടമാണ് ആവശ്യം. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപി സർക്കാർ ഇതുമായി മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടണം.
അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക സിവിൽകോഡ്. സാമുദായിക ഭിന്നതയാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. വർഗീയ ധ്രുവീകരണത്തിനുള്ള മുനകൂട്ടലാണിത്. അതാത് വിഭാഗങ്ങൾ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരേണ്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം. ലോകം വൈവിധ്യം നിലനിർത്തുമ്പോൾ ഇന്ത്യ ഏകീകരണത്തിന് ശ്രമിക്കുകയാണ്. കേന്ദ്രസർക്കാർ ഏകപക്ഷീയമായി സിവിൽകോഡ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. സമത്വം എന്നാൽ ഏകീകരിക്കൽ അല്ല എന്നും യെച്ചൂരി.
സംഘാടക സമിതി ചെയർമാൻ കെ.പി. രാമനുണ്ണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ നേതാവ് ഇ കെ വിജയൻ എംഎൽഎ, ജോസ് കെ. മാണി എംപി, എം.വി ശ്രേയാംസ്‌കുമാർ, എം. സഫറുള്ള, പ്രൊഫ. എ.പി. അബ്ദുൾ വഹാബ്, എളമരം കരീം എംപി, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ,എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് ഒ.ആർ. കേളു എംഎൽഎ, സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി, മേയർ ബീന ഫിലിപ്പ്,
താമരശേരി രൂപത പ്രതിനിധി ഫാദർ ജോസഫ് കളരിക്കൽ, കോഴിക്കോട് രൂപത വികാരി ഫാദർ ജെൻസൺ,
റവ. ഡോ. ടി ഐ ജെയിംസ് (സിഎസ്ഐ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ.അലി അബ്ദുള്ള, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുക്കം ഉമർ ഫൈസി, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.എം. അബ്ദുൾ സലാം ബാഖവി, കേരള നദ്‌വതുൽ മുജാഹിദ്ദീൻ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി, മർക്കസ് ദുഅ്‌വ ജനറൽ സെക്രട്ടറി സി.പി ഉമ്മർ സുല്ലമി, എംഇഎസ് പ്രസിഡന്റ് ഡോ. പി.എ ഫസൽ ഗഫൂർ, ടി.കെ. അഷ്‌റഫ് (വിസ്ഡം ഗ്രൂപ്പ്), ഡോ. ഹുസൈൻ മടവൂർ, ഡോ. ഐ.പി. അബ്ദുൾ സലാം, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
