പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; മകളെ കണ്ടെത്താനായില്ല

കല്‍പ്പറ്റ | വയനാട് പുഴയില്‍ച്ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഗര്‍ഭിണിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈന്‍ സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് (32) മരിച്ചത്. ഇവര്‍ നാലുമാസം ഗര്‍ഭിണിയാണ്. അതേ സമയം ദര്‍ശന പുഴയിലേക്ക് എടുത്തെറിഞ്ഞ മകള്‍ ദക്ഷയെ ഇനിയും കണ്ടെത്താനായിട്ടില്ല.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമാണ് ദര്‍ശന മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു സംഭവം. വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍നിന്നാണ് അഞ്ചുവയസുള്ള കുഞ്ഞുമായി ദര്‍ശന പുഴയില്‍ച്ചാടിയത്. ദൃക്‌സാക്ഷിയായ യുവാവാണ് ദര്‍ശനയെ പുഴയില്‍നിന്നും രക്ഷപ്പെടുത്തിയത്.

പാലത്തിനുമുകളില്‍നിന്ന് ദര്‍ശന ചാടുന്നത് കണ്ട സമീപവാസിയായ നിഖില്‍ പിന്നാലെ പുഴയില്‍ ചാടി 60 മീറ്ററോളം നീന്തി ദര്‍ശനയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്കായി വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചെങ്കിലും കണ്ടെത്തിയില്ല. കല്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ദക്ഷ.