കുട്ടികള്‍ക്ക് ലഹരി വില്‍പന നടത്തിയ കട നാട്ടുകാർ അടിച്ചുതകർത്തു ...
കണ്ണൂർ പയ്യന്നൂരിൽ കുട്ടികള്‍ക്ക് ലഹരി വില്‍പന നടത്തിയ കട നാട്ടുകാർ അടിച്ചുതകർത്തു. പയ്യന്നുർ മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് അടിച്ചു തകർത്തത്. നിരവധി തവണ ഇവിടെ നിന്ന് എക്സൈസ് ലഹരി വസ്തുക്കൾ പിടികൂടിയിട്ടും കച്ചവടം തുടരുകയായിരുന്നു.
സംഘടിച്ച് എത്തിയ നാട്ടുകാർ ഇന്നലെ രാത്രിയോടെയാണ് മുരളിയുടെ കട അടിച്ചു തകർത്തത്. സാധനങ്ങൾ എടുത്ത് പുറത്തിട്ട ശേഷം കടയ്ക്ക് പൂട്ടുമിട്ടു. സ്കൂൾ കുട്ടികൾക്കടക്കം ഈ കട വഴി ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടെന്ന് നിരവധി തവണ പരാതി ഉയർന്നിരുന്നു. എക്സൈസും പൊലീസും നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ട്. കട പൂട്ടിക്കാൻ എക്സൈസ് നഗരസഭയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ചെറിയ പിഴ തുക അടച്ച് മുരളി രക്ഷപെടുമായിരുന്നു. ഇതിനു ശേഷവും കച്ചവടം നടന്നു. കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ പരിശോധനയിൽ വീണ്ടും ലഹരി വസ്തുക്കൾ കണ്ടെത്തി. ഇതോടെയാണ് നാട്ടുകാർ സംഘടിച്ച് എത്തി കട അടിച്ചു തകർത്തത്.
