താമരശ്ശേരിയിലെ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് എം.കെ മുനീർ
താമരശ്ശേരി:താമരശ്ശേരിയിലെ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്താന്‍ തയ്യാറാവുമെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. ഹയര്‍ സെക്കണ്ടറി ബാച്ച് അനുവദിക്കുന്നതില്‍ മലബാറിനോട് സര്‍ക്കാര്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് താമരശ്ശേരി എ.ഇ.ഒ ഓഫീസിന് മുന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ജനാധിപത്യ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരെ കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി താമരശ്ശേരിയില്‍ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തിയിരുപ്പ് സമരത്തില്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.എ. റസ്സാഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന. സെക്രട്ടറി ടി.ടി. ഇസ്മായില്‍, സെക്രട്ടറി എ.പി. മജീദ് മാസ്റ്റര്‍, എ. അരവിന്ദന്‍, ടി.കെ. മുഹമ്മദ് മാസ്റ്റര്‍, കെ.എം. അഷ്‌റഫ് മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ ഹാജി, പി.സി. മുഹമ്മദ് മാസ്റ്റര്‍, എന്‍.സി. ഹുസ്സയിന്‍ മാസ്റ്റര്‍, പി. മുഹമ്മദ്, യു.കെ. ഹുസ്സയിന്‍, സുലൈമാന്‍ പോര്‍ങ്ങോട്ടൂര്‍, എ.പി. നാസര്‍ മാസ്റ്റര്‍, വി. ഇല്യാസ്, റഫീഖ് കൂടത്തായി, എം. നസീഫ് തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.കെ.എ. ഖാദര്‍ സ്വാഗതവും ട്രഷറര്‍ കെ.പി. മുഹമ്മദന്‍സ് നന്ദിയും പറഞ്ഞു.
