ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന്; പലരും വന്നില്ല; നമ്മുടെ മോളല്ലേ, പൂജാരിയായി ഞാന്‍ വന്നു’

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന് ആരോപണം. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ പൂജാരി രേവതാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്

‘ആലുവയില്‍ പോയി, മാളയില്‍ പോയി, കുറുമശേരിയില്‍ പോയി. ഒരു പൂജാരിയും വന്നില്ല. ചോദിച്ചപ്പോള്‍ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് ചോദിച്ചത്. ആരായാലും മനുഷ്യനല്ലേ. അപ്പോള്‍ ‍ഞാന്‍ കരുതി വേറെ ആരും വേണ്ട. നമ്മുടെ മോളുടെ അല്ലേ. ഞാന്‍ തന്നെ കര്‍മം ചെയ്തോളാം. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഇതുവരെ ഒരുമരണത്തിന് മാത്രമേ കര്‍മം ചെയ്തിട്ടുള്ളൂ.’ അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ  രേവത് എന്ന പൂജാരിയുടെ വാക്കുകള്‍. കുട്ടിയുടെ മൃതദേഹം സംസ്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രേവത് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുകേട്ടു നിന്ന അന്‍വര്‍ സാദത്ത് എംഎല്‍എ രേവതിനെ കെട്ടിപ്പിടിച്ചാണ് പ്രശംസിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍