പോലീസ് കേസെടുക്കാൻ വൈകിപ്പിച്ചതായി വീട്ടമ്മയുടെ പരാതി


താമരശ്ശേരി
:ഭർത്താവിൻ്റെയും മകളുടെയും പേരിലുള്ള രണ്ട് ആധാരവും പണവും സ്വർണ്ണവും എ.ടി.എം കാർഡും മൂന്ന് ബാങ്ക് പാസ് ബുക്കും അടങ്ങിയ ബാഗ് എന്നിവ ഭർത്താവിൻ്റെ അനിയൻ പുളിക്കൽ കൊല്ലോളി അബ്ദുൽ ഗഫൂർ ഏപ്രിൽ 14 ന് വീട്ടിൽ നിന്നും എടുത്തു കൊണ്ടുപോയ സംഭവത്തിൽ പരാതി നൽകിയിട്ടും താമരശ്ശേരി പോലീസ് കേസെടുക്കാൻ വൈകിപ്പിച്ചതായി താമരശ്ശേരി കോരങ്ങാട് വളപ്പിൽ പൊയിൽ ഹാജറ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മെയ് 14ന് പരാതി നൽകിയിട്ടും കേസെടുത്തില്ല. ജൂൺ മൂന്നിന് പ്രതിയടക്കമുള്ള 8 അംഗ സംഘത്തെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും അന്നത്തെ എസ്.ഐ. അഖിലിൻ്റെ നേതൃത്വത്തിൽ സംസാരിച്ചു. പോലീസുമായി പ്രതിയുടെ സംഘം ഒത്തുതീർപ്പാക്കാൻ അവിഹിത ശ്രമം നടത്തിയതായി സംശയിക്കുന്നതായി അവർ പറഞ്ഞു. വീട്ടിൽ നിന്നും നഷ്ടപ്പെട്ട സാധനങ്ങൾ പ്രതിയുടെ കൈവശമുണ്ടെന്നും കേസ് ഒത്തുതീർപ്പാക്കുകയാണെങ്കിൽ ഞാൻ വാങ്ങിത്തരാമെന്നും പറഞ്ഞ് എസ്.ഐ. സ്റ്റേഷനിലെ കംപ്ലയിൻ്റ് രജിസ്റ്ററിൽ സാധനങ്ങളുടെ പേരെഴുതി ഒപ്പുവെക്കാൻ പറഞ്ഞു. ശേഷം ആധാരം മാത്രമെ വാങ്ങി തരാൻ പറ്റൂവെന്ന് എസ്.ഐ. അഖിൽ മാറ്റി പറഞ്ഞതോടെ ഒത്തുതീർപ്പ് ശ്രമം പരാജയപ്പെടുകയായിരുന്നെന്ന് ഹാജറ പറഞ്ഞു. പിന്നീട് ഒരുമാസം കഴിഞ്ഞ് ജൂലൈ നാലിനാണ് മൊഴിയെടുത്തത്. എഫ്. ഐ.ആർ. രജിസ്റ്റർ ചെയ്യുകയോ റസിപ്റ്റ് നൽകുകയോ ചെയ്തില്ല. പിന്നീട് ജൂലൈ 25 ന് മൊഴിയെടുത്ത് പിറ്റേന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത്. രണ്ടര മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിലും എഫ്.ഐ.ആർ. രണ്ട് മാസത്തോളം വൈകിപ്പിച്ച പോലീസ് നടപടിക്കെതിരെ ആഭ്യന്തര മന്ത്രി, ഡി.ജി.പി. , വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകുമെന്നും ഹാജറ പറഞ്ഞു. ഹാജറയുടെ സഹോദരൻ ഫസലുദ്ദീൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ജമീല അസീസ്, അഷ്റഫ് കോരങ്ങാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍