നമ്പര്‍ പ്ലേറ്റില്‍ മാസ്‌കിട്ട് യാത്ര; ബൈക്കോടിച്ചയാളുടെ ലൈസന്‍സ് തെറിച്ചു
നമ്പര്‍ പ്ലേറ്റ് മാസ്‌ക് വെച്ച് മറച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തയാളുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. അപകടകരമായി വാഹനം ഓടിച്ചതിനും നമ്പര്‍ പ്ലേറ്റ് മറച്ചതിനും വാഹനം ഓടിച്ച സി.ജെ. ജ്യോതിഷി(22)ന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ. പി.എ. നസീര്‍ ആണ് സസ്പെന്‍ഡ് ചെയ്തത്.
തൊടുപുഴ ട്രാഫിക് പോലീസിന്റെ വാഹന പരിശോധനയിലാണ് മാസ്‌ക് ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് അപകടകരമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ ഭരത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്റ്റേഷനില്‍ എത്തി വാഹനം പരിശോധിക്കുകയും വാഹന ഉടമയെയും വാഹനം ഓടിച്ചിരുന്ന ആളെയും വെങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമില്‍ നേരിട്ട് വിളിപ്പിച്ച് കേസെടുക്കുകയായിരുന്നു.
പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സമാനമായ രീതിയിലുള്ള നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് പ്രത്യേക പരിശോധന നടത്തുന്നതിന് തീരുമാനമായിരുന്നു. ഇതിലൂടെ നിരവധി ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍.ടി.ഒ. പറഞ്ഞു. ബോധവത്കരണ ഘട്ടം അവസാനിച്ചതിനാല്‍ ലൈസന്‍സ് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാനടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍