കൊടുവള്ളിയിലെ കവര്‍ച്ചയില്‍ ട്വിസ്റ്റ്; മോഷണം പോയത് മുക്കുപണ്ടം, സ്വര്‍ണം അമ്മ എടുത്ത് മാറ്റി


കോഴിക്കോട്: കൊടുവള്ളിയിലെ പെട്രോള്‍ പമ്പില്‍ നടന്ന മോഷണത്തില്‍ ട്വിസ്റ്റ്. പ്രതികള്‍ കവര്‍ച്ച ചെയ്തത് മുക്കുപണ്ടമാണെന്ന് വ്യക്തമായി. ബാഗിലുണ്ടായിരുന്ന സ്വർണ മാല യുവതിയുടെ അമ്മ എടുത്തു മാറ്റിവെച്ചിരുന്നു. ഇത് യുവതി അറിഞ്ഞിരുന്നില്ല. മുക്കുപണ്ടമാണെന്ന് മനസ്സിലാക്കാതെ ആഭരണവുമായി കടന്ന കള്ളൻമാർ ഇതോടെ വെട്ടിലായി.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൊടുവള്ളിയിലെ പെട്രോള്‍ പമ്പിലായിരുന്നു മോഷണം നടന്നത്. പമ്പിലെ ജീവനക്കാരുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിലെ ആഭരണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. എന്നാല്‍ തന്‍റെ ബാഗിലുണ്ടായിരുന്നവ മോഷ്ടിക്കപ്പെട്ട വിവരം യുവതി അറിഞ്ഞിരുന്നില്ല. പിന്നീട് വൈകുന്നേരം ജോലികഴിഞ്ഞ് തിരിച്ചുപോകാനൊരുങ്ങുന്നതിനിടെ ബാഗ് പരിശോധിച്ചപ്പോള്‍ 3,000 രൂപ കാണാനില്ലെന്ന് മനസ്സിലായി. കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് ബാഗില്‍വെച്ചിരുന്ന ആഭരണങ്ങളും കാണാനില്ലെന്നു വ്യക്തമായത്.

തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. പോലീസ് എത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും മണിക്കൂറുകള്‍ക്കകംതന്നെ പ്രതികളായ രണ്ടുപേരെയും പിടികൂടുകയും ചെയ്തിരുന്നു. പ്രതികളില്‍നിന്ന് മാലയും കണ്ടെടുത്തു.

പിന്നീട് യുവതി വീട്ടിലെത്തി അമ്മയുമായി സംസാരിച്ചതോടെയാണ് നഷ്ടപ്പെട്ട ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് മനസ്സിലായത്. ബാഗില്‍നിന്ന് സ്വര്‍ണാഭരണം അമ്മ എടുത്ത് മാറ്റിവെച്ചിരുന്നതായും വ്യക്തമായി. ഉടൻതന്നെ കളവു പോയത് മുക്കുപണ്ടമാണെന്ന് യുവതി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് യുവതിയെ വിളിച്ചുവരുത്തുകയും വിശദാംശങ്ങള്‍ തേടുകയുമായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍