പോലീസിന്റെ വാഹനപരിശോധന കടയ്ക്കുമുമ്പിൽ ; കടയടച്ച് പ്രതിഷേധിച്ച് ഉടമ
സുൽത്താൻബത്തേരി : കടയ്ക്കുമുമ്പിൽ പോലീസിന്റെ വാഹനപരിശോധന പതിവായതോടെ കച്ചവടം മുടങ്ങിയതിൽ കടയടച്ച് പ്രതിഷേധിച്ച് വ്യാപാരി. പൊൻകുഴി ക്ഷേത്രത്തിനുസമീപം ചായക്കട നടത്തുന്ന സത്യനാണ് കടയടച്ച് പ്രതിഷേധിച്ചത്. കുറച്ചുദിവസമായി രാവിലെമുതൽ കടയ്ക്കുമുമ്പിൽ വാഹനം നിർത്തിയിട്ട് സ്ഥിരമായി പോലീസ് വാഹനപരിശോധന നടത്തുന്നതിനാൽ കച്ചവടംനടക്കുന്നില്ലെന്ന് സത്യൻ പറഞ്ഞു.
ഇതിലെ കടന്നുപോകുന്ന വിനോദസഞ്ചാരികളും ലോറിഡ്രൈവർമാരുമാണ് കടയിൽ കയറാറുള്ളത്. പോലീസുകാരുടെ വാഹനപരിശോധന സത്യന്റെ കടയുടെ മുമ്പിലായതോടെ കടയിലേക്ക് വരുന്നവർക്ക് വാഹനം നിർത്തിയിടാനും മറ്റും സൗകര്യമില്ലാതായി.
ചായക്കടയിൽനിന്നുള്ള വരുമാനംമാത്രം ആശ്രയിച്ചാണ് സത്യന്റെ കുടുംബം കഴിയുന്നത്. ഇവിടെനിന്ന് ഒരു കിലോമീറ്ററകലെ തകരപ്പാടിയിൽ പോലീസ് ചെക്‌പോസ്റ്റുണ്ട്.
ക്ഷേത്രത്തിനുസമീപത്തായി എ.ഐ. ക്യാമറയുമുണ്ട്. കൂടാതെ അതിവേഗത്തിലെത്തുന്നവരെ തടയാൻ പോലീസിന്റെ ഇന്റർസെപ്റ്റർ വാഹനവും ഈ റോഡിന്റെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിനെല്ലാമിടയിലാണ് കടയ്ക്കുമുമ്പിലെ പോലീസിന്റെ പരിശോധന.
കടയ്ക്കുമുമ്പിൽനിന്ന് അല്പം മാറ്റിയിട്ട് പരിശോധനനടത്താൻ അഭ്യർഥിച്ചെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ഈ സ്ഥിതി തുടർന്നാൽ 800 രൂപ ദിവസവാടകയ്ക്ക് നടത്തുന്ന കട പൂട്ടേണ്ട അവസ്ഥയാണെന്നും സത്യൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍