ജനങ്ങൾക്ക്‌ നേരിട്ട്‌ പരാതി നൽകാം ; ചെലവിന്‌ പണപ്പിരിവ്‌ 
പാടില്ല

തിരുവനന്തപുരം .നവംബർ 18 മുതൽ ഡിസംബർ 24 വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സ്‌ നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങളിൽനിന്ന്‌ നേരിട്ട്‌ പരാതി സ്വീകരിക്കും. ഇതിന്‌ ശാസ്‌ത്രീയ സംവിധാനം വേണമെന്നും ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്തവിധം പ്രധാന പന്തലിൽനിന്നുമാറി പ്രത്യേക പന്തൽ തയ്യാറാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. പരാതി സ്വീകരിച്ച്‌ രസീത്‌ നൽകാൻ  പൊതുകൗണ്ടറുകളും സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കണം. കുടിവെള്ളം, ശൗചാലയം, പ്രാഥമിക വൈദ്യസഹായ സൗകര്യം എന്നിവയും തയ്യാറാക്കണം.

പരാതികളിൽ ജില്ലാതലത്തിൽ പരിശോധിക്കേണ്ടവ കലക്ടർമാർക്കും സംസ്ഥാന തലത്തിലുള്ളത്‌ വകുപ്പു സെക്രട്ടറിമാർക്കും ഒരാഴ്‌ചയ്‌ക്കകം കൈമാറണം. എല്ലാ കലക്ടറേറ്റിലും ഇതിനായി പ്രത്യേകം സെല്ലുകൾ പ്രവർത്തിക്കണം. ഓരോ സദസ്സിലും 5000 പേർക്കെങ്കിലും ഇരിക്കാൻ സൗകര്യമൊരുക്കണം. നവകേരള സദസ്സിന്റെ പേരിൽ പണപ്പിരിവ്‌ പാടില്ല. കൂപ്പണുകൾ അച്ചടിക്കാനും പാടില്ല. തദ്ദേശ, സഹകരണ സ്ഥാപനങ്ങൾക്ക്‌ തുക ചെലവിടാൻ അതതു വകുപ്പുകൾ അനുമതി നൽകണം. ജില്ലാ ഭരണകേന്ദ്രങ്ങൾക്ക്‌ സ്‌പോൺസർമാരെ കണ്ടെത്തിയും പരസ്യത്തിലൂടെയും പണം സമാഹരിക്കാം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിയുന്നത്ര സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച്‌ താമസസൗകര്യമൊരുക്കണം. ഇവർ യാത്രയ്‌ക്ക്‌ കെഎസ്‌ആർടിസിയുടെ പ്രത്യേക കോച്ച്‌ ഉപയോഗിക്കും.

കലാപരിപാടികൾ യോഗം ആരംഭിക്കുന്നതിന്‌ 20 മിനിറ്റുമുമ്പ്‌ അവസാനിപ്പിക്കണം. സദസ്സിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽനിന്നുള്ളവരുമായി സംവാദം ഉണ്ടാകും. 250ൽ കവിയാത്ത വ്യക്തികളെ ഇതിൽ പങ്കെടുപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.