മൊകേരി ശ്രീധരൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു


കോഴിക്കോട്: കുറ്റ്യാടി മൊകേരി ശ്രീധരൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് മറാട് അഡിഷണൽ സെഷൻസ് കോടതി. 

ശ്രീധരന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പരിമൾ ഖൽദാൻ (52), ശ്രീധരന്റെ ഭാര്യ മൊകേരി വട്ടക്കണ്ടി മീത്തൽ ഗിരിജ (43), ഭാര്യമാതാവ് കുണ്ടത്തോട് വലിയ പറമ്പത്ത് ദേവി (67) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് അഡിഷണൽ സെഷൻസ് ജഡജ് ആർ.ശ്യാം ലാൽ വെറുതെ വിട്ടത്. 
2017 ജൂലൈ എട്ടിന് മൊകേരി ശ്രീധരൻ മരണപ്പെട്ടത്. ഹൃദയാഘാതം മൂലം മരണപ്പെട്ടതെന്ന് കരുതി ബന്ധുക്കൾ ബോഡി മറവു ചെയ്തു. മരണത്തിൽ സംശയമുന്നയിച്ച് നാട്ടുകാർ രംഗത്തെത്തിയതോടെ കുറ്റ്യാടി പോലീസ് കേസെടുത്തു. മറവ് ചെയ്ത 
ബോഡി പുറത്തെടുത്ത് പോസ്റ്റ് മാർട്ടം ചെയ്തു. 

രാത്രി ഉറക്കഗുളിക നൽകി മയക്കി ശ്രീധരനെ ഭാര്യ ഗിരിജയും അമ്മ ദേവിയും പരിമൾ ഖൽദാനും ചേർന്ന് കഴുത്തിൽ തോർത്ത് മുണ്ട് ചുറ്റിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ ഓഗസ്റ്റ് മൂന്നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിരുന്നു. 

കേസിൽ പ്രോസിക്യൂഷൻ 38 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന ഐ.പി.സി 302 പ്രകാരമായിരുന്നു കേസ്. ഈ കേസിലാണ് പ്രതികളെ വെറുതെ വിട്ട് കോടത് ഇന്ന് വിധി പ്രസ്താവിച്ചത്. 
ഒന്നാം പ്രതിയ്ക്ക് വേണ്ടി അഡ്വക്കറ്റ് എം. മുഹമ്മദ് ഫിർദൗസും രണ്ടും മൂന്നും പ്രതികൾക്ക് വേണ്ടി അഡ്വക്കറ്റ് കൃഷ്ണ മോഹനും ഹാജരായി. 

കുറ്റപത്രത്തിൽ പറഞ്ഞത് 

ഭാര്യയും ബംഗാൾ സ്വദേശിയായ കാമുകനും മാതാവും ചേർന്ന് ശ്വാസം മുട്ടിച്ച് ശ്രീധരനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജൂലൈ എട്ടിന് രാത്രിയാണ് കൊലപാതകം നടന്നത്. 
ഒന്നാംപ്രതി പരിമൾ നൽകിയ മരുന്ന് രണ്ടാംപ്രതി ശ്രീധരന്റെ ഭാര്യ ഗിരിജയും മാതാവ് ദേവിയും ചേർന്ന് ആഹാരത്തിൽ കലക്കി ശ്രീധരന് നൽകി. ശ്രീധരൻ മയക്കത്തിലായതോടെ പരിമളിനെ വിളിച്ചുവരുത്തി. തുടർന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഹൃദയാഘാതമാണെന്ന് നാട്ടുകാരെയും ബന്ധുക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം മറവ് ചെയ്തത്. ഗിരിജയും പരിമളും തമ്മിലുണ്ടായിരുന്ന ബന്ധത്തിൽ നാട്ടുകാർക്ക് തോന്നിയ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത്. സൗജന്യ നിയമസഹായത്തിനായി പരിമളിന് കോടതി അഭിഭാഷകനെയും നൽകിയിരുന്നു. 

കൊലപാതകം നടക്കുന്നതിന്റെ ഒന്നരവർഷം മുൻപാണ് ശ്രീധരന്റെ വീടുനിർമ്മാണത്തിനായി പരിമളെത്തിയത്. കൊലയ്ക്ക് ശേഷം ജില്ല വിട്ടുപോയ ഈയാളെ ഗിരിജ വഴി പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഈ ബന്ധത്തിന് ശ്രീധരൻ തടസമായതാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസിൽ അറുപത്തിനാല് സാക്ഷികളാണുണ്ടായിരുന്നത് .. കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്ത് പ്രതികളുടെ മൊബൈൽ ഫോണുകൾ തുടങ്ങിയ തെളിവുകളും പൊലീസ് 
കോടതിയിൽ ഹാജരാക്കിയിരുന്നു.