ഹൈക്കോടതി വിധി; സ്വകാര്യ ഹോട്ടലിനു മുന്നിൽനിന്ന് ഓട്ടോ പാർക്കിങ് മാറ്റണമെന്നു പൊലീസ്
കൽപറ്റ ∙ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ഹോട്ടലിനു മുന്നിൽനിന്ന് ഓട്ടോറിക്ഷ പാർക്കിങ് മാറ്റണമെന്ന പൊലീസ് നിർദേശത്തെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധിച്ചു. ഹോട്ടലിനു മുന്നിൽ ഓട്ടോറിക്ഷ പാർക്കിങ് പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണു പൊലീസിന്റെ ഇടപെടൽ.
ഹോട്ടലുടമ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരുമാസം മുൻപാണു ഹൈക്കോടതി, ഹോട്ടലിനു മുന്നിലെ ഓട്ടോറിക്ഷാ പാർക്കിങ് നിരോധിച്ച് ഉത്തരവിട്ടത്. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ പൊലീസെത്തി സ്ഥലത്ത് ഓട്ടോറിക്ഷാ പാർക്കിങ് പാടില്ലെന്ന നിർദേശം നൽകി. തുടർന്ന് റിബൺ കെട്ടി പാർക്കിങ് തടഞ്ഞു.
ഇതോടെയാണ് ഓട്ടോതൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനത്തിനു വിരുദ്ധമാണു നടപടിയെന്ന് ആരോപിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളി പ്രതിഷേധം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയാണു ചെയ്തതെന്ന് പൊലീസും നിലപാടെടുത്തു.
വിധിക്കു സ്റ്റേ വാങ്ങുന്നതിനു കൽപറ്റ നഗരസഭ സമയം ആവശ്യപ്പെട്ടിട്ടുണ്ടന്നും അതുവരെ പ്രതിഷേധം നിർത്തിവയ്ക്കുമെന്നും നേതാക്കൾ അറിയിച്ചു. അനുകൂല നടപടിയില്ലങ്കിൽ സമരം ശക്തമാക്കും. പ്രതിഷേധ യോഗം ഓട്ടോ ടാക്സി ഫെഡറേഷൻ(സിഐടിയു) ജില്ലാ സെക്രട്ടറി കെ.സുഗതൻ ഉദ്ഘാടനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍