കത്വ ഫണ്ട് തട്ടിപ്പ് കേസ്; സസ്‌പെന്‍ഷനിലായ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം

കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. കുന്നമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടത്തറമ്മലിനെതിരെയാണ് അന്വേഷണം. ഫറോക്ക് എസിപി എ എം സിദ്ദിഖിനാണ് അന്വേഷണ ചുമതല.

കത്വ പെണ്‍കുട്ടികള്‍ക്കായി പിരിച്ച ഫണ്ട് തട്ടിയെടുത്തെന്ന കേസില്‍ യൂത്ത് ലീഗ് നേതാക്കളെ കുറ്റവിമുക്തരാക്കി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍. അടിസ്ഥാന വിവരങ്ങള്‍ പോലും അന്വേഷിക്കാതെയുളള റിപ്പോര്‍ട്ടാണ് ഇന്‍സ്‌പെക്ടറുടേത്, കൃത്യ വിലോപമെന്നുളള പ്രത്യേകസംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

പി കെ ഫിറോസ് ഉള്‍പ്പെടെയുളള ലീഗ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുളള പരാതിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചത്. പരാതിക്കാരന്റെ വാദം കേട്ട കോടതി റിപ്പോര്‍ട്ട് തളളുകയും ഫിറോസ് ഉള്‍പ്പെടെയുളളവര്‍ക്ക് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ഒടുവിലാണ് കുന്ദമംഗലം ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തത്.