കിനാലൂർ എസ്റ്റേറ്റ്; 19.24 കോടിയുടെ നികുതിവെട്ടിപ്പ് വെളിപ്പെടുത്തി ഓഡിറ്റ് റിപ്പോർട്ട്

താമരശ്ശേരി:കിനാലൂർ എസ്റ്റേറ്റിൽ 2013-ൽനടന്ന 384.804 കോടി രൂപയുടെ ഭൂമിയിടപാടിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 19.24 കോടി രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ 34 ലക്ഷം രൂപയും സർക്കാരിന് നഷ്ടപ്പെട്ടത് തുറന്നുകാണിച്ചത് അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്. ഭീമമായ നഷ്ടമുണ്ടായിട്ടും പണം തിരിച്ചുപിടിക്കാൻ സർക്കാറോ റവന്യൂവകുപ്പോ നടപടിയെടുത്തില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നു. ഈ റിപ്പോർട്ട് മുൻനിർത്തിയാണ് ഉന്നത ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുക്കാൻ കഴിഞ്ഞദിവസം വിജിലൻസ് കോടതി ഉത്തരവിട്ടത്. 2016 മുതൽ നടക്കുന്ന കേസിൽ വഴിത്തിരിവായത് ഈ റിപ്പോർട്ടാണ്.

നിയമവിരുദ്ധ മുക്ത്യാർ ഉപയോഗിച്ച് കിനാലൂർ എസ്റ്റേറ്റിൽ ഭൂമി രജിസ്റ്റർചെയ്തു നൽകരുതെന്ന ഉത്തരവ് നിലനിൽക്കേയാണ് ബാലുശ്ശേരി, താമരശ്ശേരി സബ് രജിസ്ട്രാർ ഓഫീസ് വഴി ഭൂമിരജിസ്ട്രേഷൻ നടന്നത്. 384.804 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടാണ് ഇങ്ങനെ നടന്നത്. ഈ തുകയുടെ അഞ്ചുശതമാനമായ 19.24 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി സർക്കാരിന് ലഭിക്കേണ്ടിയിരുന്നത്.

എന്നാൽ, വെറും 300 രൂപയുടെ നിയമവിരുദ്ധ മുക്ത്യാർ ഉപയോഗിച്ചാണ് ഭൂമികൈമാറിയത്. 19.24 കോടി രൂപ പിഴത്തുകയായി സർക്കാർ ഈടാക്കുകയാണെങ്കിൽ അതിന്റെ പത്തിരട്ടി തുക തട്ടിപ്പ് നടത്തിയവർ അടയ്ക്കേണ്ടിവരും. രജിസ്ട്രേഷൻ നിയമം അനുസരിച്ച് ഫെയർ വാല്യുവിന്റെ പത്തിരട്ടിയാണ് പിഴത്തുക. 192.4 കോടി രൂപ ഇങ്ങനെ ഈടാക്കാനാകും. മുക്ത്യാറിന്റെ അസ്സൽരേഖ കണ്ടെത്തി പിഴത്തുക ഈടാക്കാൻ രജിസ്ട്രേഷൻ ഐ.ജി. ഉത്തരവിട്ടിട്ടും ഇതുവരെ റവന്യൂ വകുപ്പ് തുടർനടപടിയെടുത്തിട്ടില്ല. കൊച്ചിൻ മലബാർ എസ്റ്റേറ്റ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രതിനിധി കൊൽക്കത്ത സ്വദേശി ചന്ദ്രപ്രകാശ് ശർമയും ഉണ്ണികുളം സ്വദേശി പി.കെ. അൻവറും തമ്മിൽ രക്തബന്ധമുണ്ടെന്ന വ്യാജരേഖ കാണിച്ചാണ് നിയമവിരുദ്ധ മുക്ത്യാർ ഉണ്ടാക്കിയതെന്ന് തെളിഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍