നാലുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; അസം സ്വദേശിയായ പ്രതിക്ക് മരണംവരെ തടവ്
പെരുമ്പാവൂര്‍: നാലുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് മൃതപ്രായയാക്കിയ സംഭവത്തില്‍ പ്രതിക്ക് മരണംവരെ കഠിന തടവുശിക്ഷ. അസം സ്വദേശി ടുണു മണ്ഡലിനെ (29) യാണ് പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ച് ഉത്തരവിട്ടത്.
2022 ജനുവരി 26-നാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രതി സമീപമുള്ള തോടിന്റെ കരയിലെ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മറുകരയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നവര്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മകളാണ് പീഡനത്തിനിരയായത്.
നാട്ടുകാര്‍ തടഞ്ഞുെവച്ച പ്രതിയെ ഉടന്‍തന്നെ പെരുമ്പാവൂര്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തു.
ചികിത്സിച്ച ഡോക്ടര്‍, കുട്ടിയുടെ മാതാവ്, കുട്ടി, നാട്ടുകാര്‍ എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ പോക്സോ കോടതി ജഡ്ജി ദിനേശ് എം. പിള്ള പ്രതിക്കെതിരേ അവസാന ശ്വാസംവരെ കഠിന തടവ് വിധി പ്രഖ്യാപിച്ചത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.
