ഹൃദയമേ, നിനക്കായ്... ; നിവേദനം നൽകി മണിക്കൂറുകൾക്കകം ഒമ്പതുവയസ്സുകാരന്റെ ശസ്‌ത്രക്രിയക്ക് നടപടി
തിരൂർ (മലപ്പുറം)ഒമ്പതുവയസ്സുകാരനായ മകൻ മുഹമ്മദ് അഷ്‌മിലിന്റെ ചികിത്സക്കുവേണ്ടി നിവേദനം നൽകാൻ തിങ്കളാഴ്‌ച തിരൂരിലെ നവകേരള സദസ്സിൽ എത്തുമ്പോൾ ആസിഫയുടെ പ്രതീക്ഷ വാനോളമായിരുന്നു. അത് വെറുതെയായില്ല. മണിക്കൂറുകൾക്കുള്ളിൽ 12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്‌ത്രക്രിയകൾക്കായി സർക്കാർ സൗകര്യമൊരുക്കി. നവകേരള സദസ്സ് ഓരോദിനം പിന്നിടുമ്പോഴും നിരവധിപേർക്ക് ജീവതാളമേകുകയാണ്.
തിരുന്നാവായ കാരത്തൂർ കുന്നത്ത് സലിമിന്റെയും ആസിഫയുടെയും മൂത്തമകൻ അഷ്‌മിലിന് ജനിച്ച് മൂന്നാംദിവസംതന്നെ ഹൃദയത്തിന് ശസ്‌ത്രക്രിയ നടത്തിയതാണ്. അടുത്ത ശസ്‌ത്രക്രിയ ഏപ്രിലിൽ എറണാകുളം അമൃത ആശുപത്രിയിൽ നിശ്ചയിച്ചതായിരുന്നു. പക്ഷേ, അതിനിടെ രോഗംകൂടി. കാരത്തൂർ മർക്കസ് സ്‌കൂളിലെ പഠനം നിർത്തി. എത്രയും വേഗം ശസ്‌ത്രക്രിയക്കും പേസ് മേക്കർ വയ്‌ക്കാനും ഡോക്ടർമാർ നിർദേശിച്ചു. ചികിത്സയ്‌ക്കായി ‘ഹൃദ്യം’ പദ്ധതിയിൽ നൽകിയ അപേക്ഷയിൽ രണ്ടുവർഷംമുമ്പ് ശസ്‌ത്രക്രിയക്കുള്ള തുക അനുവദിച്ചു. അന്ന് ഹൃദയമിടിപ്പ് കുറവായതിനാൽ നടത്താനായില്ല. രണ്ടുമാസംമുമ്പ് കെ ടി ജലീൽ എംഎൽഎയെ കണ്ടപ്പോഴാണ് ആരോഗ്യമന്ത്രിയെ കാണാൻ നിർദേശിച്ചത്.
തിരൂരിലെ നവകേരള സദസ്സിൽ ആസിഫ നിവേദനം നൽകി. ചൊവ്വാഴ്ച രാവിലെ അഷ്‌മിലിനൊപ്പം മന്ത്രി വി അബ്ദുറഹിമാന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജിനെ കണ്ടു. വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ‘ഹൃദ്യം’ പദ്ധതിയുടെ കോ–-ഓർഡിനേറ്റർ ഡോ. രാഹുലിനെ വിളിച്ചു. ‘ഹൃദ്യ’ത്തിനുപുറമേ ‘ആരോഗ്യകിരണം’ പദ്ധതിയിൽക്കൂടി ഉൾപ്പെടുത്തി ശസ്‌ത്രക്രിയ നടത്താൻ നിർദേശിച്ചു. വൈകിട്ടോടെ ഹൃദ്യം ജില്ലാ ഓഫീസിൽനിന്ന് ആസിഫയ്‌ക്ക് വിളിയെത്തി. ശസ്‌ത്രക്രിയയ്‌ക്ക് തീയതി നിശ്ചയിക്കാൻ അമൃതാ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും അവർക്ക് അസൗകര്യമാണെങ്കിൽ എറണാകുളം ലിസി ആശുപത്രിയിൽ സൗകര്യമൊരുക്കാമെന്നുമായിരുന്നു അറിയിപ്പ്. നിവേദനം നൽകി മണിക്കൂറുകൾക്കകം നടപടിയായതിന്റെ സന്തോഷത്തിലാണ് ആസിഫ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍